Monday, January 6, 2025
National

കർണാടകയിൽ ഇന്ധന വിലവർധനവ്; ബിജെപിയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം

കർണാടകയിൽ ഇന്ധന വിലവർധനക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. ബിജെപിയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. നികുതി വർധിപ്പിച്ചതോടെ പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.5 രൂപയുമാണ് കൂടിയത്. ഇന്ധനവില വർധന പ്രാബല്യത്തിൽ വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് പിന്നാലെ ജനങ്ങൾക്ക് കോൺഗ്രസ്‌ സർക്കാർ നൽകിയ ഇരുട്ടടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബിജെപിയും ജെഡിഎസും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഗ്യാരന്റികൾ നടപ്പിലാക്കാൻ ജനങ്ങളെ തന്നെ കൊള്ളയടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി വിമർശിച്ചു.

ക്ഷേമ പദ്ധതികൾക്കായി പണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. വിൽപ്പന നികുതി വർധിപ്പിച്ചതോടെ പെട്രോൾ ലിറ്ററിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അമ്പത് പൈസയുമാണ് വില ഉയർന്നത്. ബംഗളൂരുവിൽ പെട്രോളിന് 102.86 രൂപയും ഡീസലിന് 88.94 രൂപയുമാണ് പുതുക്കിയ വില. പ്രതിവർഷം 2500 – 2800 കോടി രൂപയുടെ അധിക വരുമാനമാണ് നികുതി വർധനയിലൂടെ സർക്കാരിന് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *