ട്രാഫിക് പൊലീസിനെ കാറിടിപ്പിച്ച് 18 കിലോമീറ്ററോളം വലിച്ചിഴച്ചു; 23കാരൻ പിടിയിൽ
മുംബൈയിൽ ട്രാഫ്രിക് പൊലീസിനെ കാറിടിപ്പിച്ച് 18 കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ 23കാരൻ അറസ്റ്റിൽ. ആദിത്യ ബെന്ദെ എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ട്രാഫിക്ക് സിഗ്നൽ ലംഘിച്ച ഇയാളുടെ വാഹനം നിർത്താൻ കൈകാണിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ സിദ്ധേശ്വർ മാലിയെ ബോണറ്റിലേക്ക് ഇടിച്ചിട്ട് വാഹനം ഓടിച്ചുപോവുകയായിരുന്നു.
നവി മുംബൈയിലെ പാം ബീച്ച് റോഡിൽ വച്ചായിരുന്നു സംഭവം. വാഹനം ഓടിച്ചുപോയ ഇയാളെ റോഡിനു കുറുകെ കണ്ടെയ്‌നർ ഇട്ട് പൊലീസ് പിടികൂടി. ഇയാൾ മയക്കുമരുന്നിൻ്റെ ലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.