Thursday, October 17, 2024
Kerala

‘വന്ദേ ഭാരത് സില്‍വര്‍ലൈന് ബദലല്ല, അപ്പവുമായി പോയാല്‍ കേടാവും’; എം.വി ഗോവിന്ദൻ

സിൽവർ ലൈൻ പദ്ധതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്നല്ലെങ്കിൽ നാളെ കെ റെയിൽ പദ്ധതി കേരളത്തിന് അനിവാര്യമാണ്. കുടുംബശ്രീക്കാർക്ക് അപ്പവുമായി കെ റെയിലിൽ പോകാം. വന്ദേ ഭാരതിൽ അപ്പവുമായി പോയാൽ കേടാകുമെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. വന്ദേ ഭാരത്‌ കെ റയിലിന് ബദൽ അല്ല. കെ റെയിൽ കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റും. മൂലധന നിക്ഷേപത്തിന് കടം വാങ്ങാം. ഈ സാമ്പത്തിക ശാസ്ത്രം വിമർശകർക്ക് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെങ്കിലും സില്‍വര്‍ ലൈൻ പദ്ധതിക്ക് പകരമാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പുതിയ സാഹചര്യത്തിൽ സിൽവർ ലൈനിനായുളള പ്രവർത്തനം ശക്തമാക്കാനാണ് സർക്കാർ തീരുമാനം. സില്‍വര്‍ ലൈനിന്റെ കേന്ദ്രാനുമതിക്ക് വേണ്ടിയുള്ള ​ശ്രമം തുടരും. വന്ദേഭാരത്, കെ-റെയിലിനു ബദൽ എന്ന നിലക്കാണ് ബി.ജെ.പി ​കേന്ദ്രങ്ങൾ ചിത്രീകരിക്കുന്നത്.

നിലവിൽ സാമൂഹിക മാധ്യങ്ങളിലുൾപ്പെടെ വന്ദേഭാരത് ട്രെയിൻ അനുവദിച്ചത് വലിയ സംഭവമായി അവതരിപ്പിക്കുന്നതിനെതിരെ ഇടത് അനുകൂല സൈബർ സംഘം രംഗത്തുണ്ട്. വിവിധ നേതാക്കളും ഇന്ത്യയിൽ തന്നെ ഏറ്റവും വരുമാനം റെയി​ൽവേക്ക് സമ്മാനിക്കുന്ന കേരളത്തിന് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്ന് കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published.