Tuesday, April 15, 2025
National

ജല്ലിക്കെട്ടിനിടെ കാള കൊമ്പിൽത്തൂക്കി എറിഞ്ഞു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിൽ മാട്ടുപ്പൊങ്കൽ ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ജല്ലിക്കെട്ടുകളിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മധുര പാലമേടിലും ട്രിച്ചി സൂരിയൂരിലും പുരോഗമിക്കുന്ന ജല്ലിക്കെട്ടുകളിലാണ് രണ്ട് പേർ മരിച്ചത്. ട്രിച്ചി സൂരിയൂരിൽ നടന്ന ജല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോൽ സ്വദേശി അരവിന്ദ് (25) എന്നയാളെ കാള കുത്തിക്കൊന്നു. പാലമേട് ജല്ലിക്കെട്ടിനിടെ കാളപ്പോരിനിറങ്ങിയ മധുര സ്വദേശി അരവിന്ദ് രാജ് എന്നയാളും കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു. കളത്തിലേക്കുവന്ന പാടെ പിടിക്കാൻ ശ്രമിച്ച ഇരുപത്തിയാറുകാരനായ അരവിന്ദ് രാജിനെ കാള കൊമ്പിൽത്തൂക്കി എറിയുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഉടൻ തന്നെ മധുര രാജാജി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി പാലമേട് ജല്ലിക്കട്ടിൽ പതിനേഴ് പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേരുടെ പരിക്ക് സാരമായതാണ്. ഇന്നലെ നടന്ന ആവണീയപുരം ജല്ലിക്കെട്ടിൽ 75 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 22 പേരുടെ പരിക്ക് സാരമായതാണ്. കാളപ്പോരുകാരും ഉടമകളും കാണികളും പൊലീസുകാരുമുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

എണ്ണൂറോളം കാളകളും 257 കാളപ്പോരുകാരുമാണ് ആവണിയാപുരം ജല്ലിക്കട്ടിനിറങ്ങിയത്. പതിവായി ഉണ്ടാകുന്ന പരിക്കുകളേക്കാൾ ഏറെ കുറവായിരുന്നു ഇത്തവണയുണ്ടായത്. ട്രോമ കെയർ സൗകര്യം ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ സജ്ജീകരിച്ചിരുന്നതിനാലാണ് അത്യാഹിതങ്ങൾ തടയാനായതെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ തവണയും കാളയുടെ കുത്തേറ്റ് ഒരാൾ മരിച്ചിരുന്നു. നാളെയാണ് അളങ്കാനല്ലൂർ ജല്ലിക്കെട്ട്.

Leave a Reply

Your email address will not be published. Required fields are marked *