Sunday, January 5, 2025
Kerala

കൂടത്തായി റോയ് വധക്കേസ്; ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി

കോഴിക്കോട്: കൂടത്തായി റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കോഴിക്കോട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി തളളിയത്‌. കേസിൽ ഈ മാസം 24 ന് വിചാരണ നടപടികൾ തുടങ്ങും.

17 വർഷങ്ങൾക്കിടെ 6 കൊലപാതകങ്ങൾ നടന്ന കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യം കൊല്ലപ്പെട്ടത് ജോളിയുടെ അമ്മായി അന്നമയാണ്. 2002 ഓഗസ്റ്റ് 22നായിരുന്നു ഇത്. ആട്ടിൻ സൂപ്പിൽ നായയെ കൊല്ലാനുള്ള വിഷം കലർത്തി നൽകിയായിരുന്നു കൊലപാതകം. ആറ് വർഷത്തിന് ശേഷം അന്നമയുടെ ഭർത്താവ് ടോ തോമസ് കൊല്ലപ്പെട്ടു. സയനൈഡ് നൽകിയായിരുന്നു ഇത്. 2011 സെപ്റ്റംബറിലാണ് ജോളി ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തുന്നത്. കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ഇത്. 2014 ഫെബ്രുവരിയിൽ മാത്യു മഞ്ചാടിയെയും ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തി. ജോളിയുടെ രണ്ടാം ഭർത്താവ് മകളായ ഒന്നര വയസുകാരി ആൽഫൈനായിരുന്നു ക്രൂരതയുടെ അഞ്ചാമത്തെ ഇര, ബ്രെഡിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ഇത്, ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയായിരുന്നു അവസാനത്തെ ഇര.

റോയ് കൊലപാതകക്കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചിരുന്നു. കടലക്കറിയിലും വെള്ളത്തിലും സോഡിയം സയനൈഡ് കലര്‍ത്തിയാണ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോളി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *