Saturday, January 4, 2025
National

പോൺ ചിത്രങ്ങൾക്ക് അടിമയായ 15കാരൻ ആറുവയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി, അറസ്റ്റ്

ഭോപ്പാൽ: അശ്ലീല ചിത്രങ്ങൾക്ക് അടിമയായ 15കാരൻ ആറുവയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കരേരയിലെ ബറോഡ ഗ്രാമത്തിലാണ് സംഭവം. 15 വയസ്സുള്ള പ്രതിയായ ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 10ന് ഗ്രാമത്തിലെ മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ അമ്മയോടൊപ്പം പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ഫെബ്രുവരി 11 ന് സമീപത്തെ കൃഷിയിടത്തിൽ നിന്ന് കുട്ടിയുടെ അർദ്ധനഗ്നമായ മൃതദേഹം കണ്ടെടുത്തു. പെൺകുട്ടിയുടെ മരണം വലിയ ജനരോഷത്തിന് കാരണമായിരുന്നു.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മെഴുകുതിരി മാർച്ച് നടത്തി നാട്ടുകാർ റോഡ് ഉപരോധിച്ചു. ജില്ലാ കളക്ടർ രവീന്ദ്ര കുമാർ ചൗധരിയും പൊലീസ് സൂപ്രണ്ട് (എസ്പി) രാജേഷ് ചന്ദേലും ഗ്രാമം സന്ദർശിച്ച് പ്രതിയെ പിടികൂ‌ടുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകി. പിന്നീട് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 15കാരനെ പൊലീസ് പിടികൂടുന്നത്.

സമീപ ഗ്രാമവാസിയായ 15കാരൻ പരിപാടി നടക്കുന്ന സ്ഥലത്തെ യന്ത്ര ഊഞ്ഞാലിൽ താൽക്കാലികമായി ജോലി ചെയ്തിരുന്നു. ഒറ്റയ്ക്ക് ഊഞ്ഞാലാടാനെത്തിയ പെൺകുട്ടിയെ ബിസ്‌ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി കരയാൻ തുടങ്ങിയപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തന്നെ തിരിച്ചറിയുമെന്ന ഭയത്തിലാണ് 15കാരൻ കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ഊഞ്ഞാലിന് സമീപം ഒരു യുവാവുമായി പെൺകുട്ടി സംസാരിക്കുന്നത് കണ്ടുവെന്ന വിവരത്തെ തുടർന്നാണ് 15കാരനിൽ പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിനിടെ 15കാരൻ കുറ്റം സമ്മതിച്ചു. 15കാരൻ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചയാളാണെന്നും മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണുന്നതിന് അടിമയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 15കാരനെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ഹോമിലേക്ക് മാറ്റി.

പ്രായപൂർത്തിയാകാത്തയാളാണെന്ന് സ്കൂൾ രേഖകൾ കാണിക്കുന്നുണ്ടെങ്കിലും യഥാർത്ഥ പ്രായം കണ്ടെത്താൻ ഓസിഫിക്കേഷൻ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഹത്രാസിലെ പ്രതിയുടെ വീടിന്റെ അനധികൃത ഭാഗം ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയതായും പൊലീസ് പറഞ്ഞു.

­

Leave a Reply

Your email address will not be published. Required fields are marked *