‘ബ്രിട്ടീഷുകാരോടുള്ള യുദ്ധത്തില്‍ ബിജെപിയുടെ ഇതുവരെയുള്ള മികച്ച മുന്നേറ്റം’; ബിബിസി റെയ്ഡിൽ മഹുവ മൊയ്ത്ര
ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പിന്റെ തെരച്ചിൽ രണ്ടാം ദിവസവും തുടരുന്നതിനിടെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ബിജെപിയിലെ ആരും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല എന്നാണ് മഹുവയുടെ പരിഹാസം. അതേസമയം ഐ.ടി റെയ്ഡ് തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഐടി വകുപ്പ് ഉദ്യോഗസ്ഥർ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ റെയ്ഡ് ആരംഭിച്ചത്. ജീവനക്കാരുടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കസ്റ്റഡിയിലെടുക്കുകയും മൊബൈൽ ഫോണുകൾ പരിശോധിക്കുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണെമെന്നും നടപടികളോട് സഹകരിക്കണമെന്നും ബിബിസി ജീവനക്കാര്‍ക്ക് നിർദ്ദേശം നൽകി.
ജീവനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പീഡനം നേരിടേണ്ടിവന്നാല്‍ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്ന ജീവനക്കാര്‍ കമ്പനി കൗണ്‍സിലര്‍മാരുമായി ബന്ധപ്പെടണമെന്നും ബിബിസി ആവശ്യപ്പെട്ടു. ഇതിനിടെ റെയ്ഡ് തുടരുന്ന സാഹചര്യത്തില്‍ ബ്രോഡ്കാസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് ഒഴികെയുള്ള ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാന്‍ ബിബിസി നിര്‍ദേശം നല്‍കിയിരുന്നു.