സ്റ്റാന്‍ സ്വാമിക്കെതിരെ കള്ളത്തെളിവുണ്ടാക്കിയെന്ന റിപ്പോര്‍ട്ടില്‍ വിവാദം കത്തുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
ഫാ സ്റ്റാന്‍ സ്വാമിക്കെതിരെ കള്ളത്തെളിവുണ്ടാക്കിയെന്ന അമേരിക്കന്‍ ഫോറന്‍സിക് സ്ഥാപനത്തിന്റെ കണ്ടെത്തലില്‍ വിവാദം കത്തുന്നു. വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്‍ഐഎയുടേത് കെട്ടുകഥയാണെന്ന് തെളിഞ്ഞെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപില്‍ ഹാക്കിംഗിലൂടെ രേഖകള്‍ സ്ഥാപിച്ചെന്ന വെളിപ്പെടുത്തല്‍ ആഴ്‌സണല്‍ കണ്‍സള്‍ട്ടെന്ന സ്ഥാപനമാണ് പുറത്തുവിട്ടത്. ലാപ്‌ടോപ്പിലുണ്ടായിരുന്ന 44 രേഖകള്‍ ഇത്തരത്തില്‍ സ്ഥാപിച്ചതാണെന്നാണ് കണ്ടെത്തല്‍. 2018ല്‍ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള 15 പേരാണെന്നായിരുന്നു എന്‍ഐഎ മുന്‍പ് കണ്ടെത്തിയിരുന്നത്.
മാവോയിസ്റ്റ് കത്തുകള്‍ എന്ന് എന്‍ഐഎ ആരോപിച്ച കത്തുകള്‍ ഉള്‍പ്പെടെയുള്ള 44 രേഖകള്‍ ഹാക്കിംഗ് വഴി സ്ഥാപിച്ചതാണെന്നാണ് കണ്ടെത്തല്‍. 2014 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ അജ്ഞാതനായ സൈബര്‍ ആക്രമണകാരി സ്റ്റാന്‍ സ്വാമിയുടെ കമ്പ്യൂട്ടറിലേക്ക് ആക്‌സസ് നേടിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകരായിരുന്നു ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഴ്‌സണ്‍ കണ്‍സള്‍ട്ടിംഗിന്റെ സേവനം ആവശ്യപ്പെട്ടിരുന്നത്. ഹാക്കറുടെ ആക്ടിവിറ്റികളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയാണ് ആഴ്‌സണ്‍ കണ്‍സള്‍ട്ടിംഗ് റിപ്പോര്‍ട്ടായി പുറത്തുവിട്ടിരിക്കുന്നത്. ഹാക്കിംഗ് പുറത്ത് അറിയാതിരിക്കുന്നതിനായി 2019 ജൂണ്‍ 11ന് ക്ലീന്‍ അപ്പ് നടത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു.