വിവാദ കത്തിന്റെ ഉറവിടമെവിടെ? പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറാന്‍ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ കത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ അന്വേഷണസംഘം. ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് കൈമാറും. നഗരസഭയിലെ കമ്പ്യൂട്ടറുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും.
സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദ നിയമന കത്തിന്റെ ഉറവിടമോ പ്രചരിപ്പിച്ചവരെയോ കണ്ടെത്താതെ വഴിമുട്ടി നില്‍ക്കുകയാണ് അന്വേഷണം. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് വ്യാഴാഴ്ച മടങ്ങി വന്ന ശേഷം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആലോചന. വിജിലന്‍സും ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
കോര്‍പ്പറേഷനിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി.. കൂടാതെ കോര്‍പ്പറേഷനിലെ കമ്പ്യൂട്ടറുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. അതേ സമയം നിയമനങ്ങള്‍ക്കു പാര്‍ട്ടി പട്ടിക ചോദിച്ചു ആനാവൂര്‍ നാഗപ്പന്, മേയര്‍ എഴുതിയ കത്തിന്റെ ഒറിജിനല്‍ നശിപ്പിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്.
ഇന്നും നഗരസഭ കാര്യാലയത്തില്‍ ബിജെപി യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധങ്ങള്‍ തുടരും. ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭ കാര്യാലയത്തിന് മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കും. മേയറുടെ രാജ്യാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോര്‍പ്പറേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച്ച ചേരുന്ന പ്രത്യേക കൗണ്‍സില്‍ യോഗം പ്രക്ഷുബ്ദ്ധമായേക്കും.