ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിക്ഷേപമിറക്കാന്‍ ഖത്തര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്
ദോഹ: ഓണ്‍ലൈന്‍ സേവന ഭീമന്മാരായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിക്ഷേപമിറക്കാന്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് ടുഡേ ഓണ്‍ലൈന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓഹരികള്‍ വാങ്ങാനാണ് ഖത്തര്‍ താല്‍പര്യം പ്രകടപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് ബില്യണ്‍ ഡോളര്‍ ആയിരിക്കും ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടി ഇതിനായി നിക്ഷേപമിറക്കുക. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്ക് സമാനമായി കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട്, ജാപ്പനീസ് സോഫ്റ്റ് ബാങ്ക് എന്നിവരും ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിക്ഷേപമിറക്കാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.
ഖത്തര്‍ അധികൃതരുമായുള്ള ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ആശയവിനിമയം ഏതാണ്ട് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നാണ് വിവരം. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം സ്ഥാപിതമായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഖത്തര്‍ അധികൃതര്‍ക്ക് ഇതുവരെയും വലിയ ആത്മവിശ്വാസമാണ് പ്രകടമായിട്ടുള്ളത് എന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ പ്രതീക്ഷിക്കപെടുന്നതായും ബിസിനസ് ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നത്.