ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് 2022 നവംബർ 12ന്; ഗുജറാത്തിലെ പ്രഖ്യാപനം പിന്നീട്
ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. ഡിസംബർ 8ന് ആണ് വോട്ടെണ്ണൽ. ഹിമാചലിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാറാണ് തിയതികൾ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബർ 25 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബർ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. നിയമസഭയിൽ 68 സീറ്റുകളാണുള്ളത്. 35 ആണ് ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളുടെ എണ്ണം.
ഗുജറാത്തിലെ പ്രഖ്യാപനം പിന്നീടായിരിക്കും പ്രഖ്യാപിക്കുകയെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ അറിയിച്ചു. 2023 ജനുവരി എട്ടിനാണ് ഹിമാചൽ പ്രദേശ് സർക്കാരിന്റെ കാലാവധി അവസാനിക്കുക. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു.