കോൺഗ്രസിന് തിരിച്ചടി; ആനന്ദ് ശർമ ഹിമാചൽ പ്രദേശ് സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവച്ചു
ഹിമാചൽ പ്രദേശ് സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് ആനന്ദ് ശർമ രാജി വച്ചു. തന്റെ ആത്മാഭിമാനം വച്ചു വിലപേശാൻ കഴിയില്ലെന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ആനന്ദ് ശർമ വ്യക്തമാക്കുന്നു. “ജി-23” വിമതരുടെ ഗ്രൂപ്പിലെ മറ്റൊരു അംഗമായ ഗുലാം നബി ആസാദും ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് സമിതിയിൽ നിന്നും രാജിവെച്ചിരുന്നു.
ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാർട്ടിയുടെ നീക്കങ്ങളിൽ എതിർപ്പറിയിച്ചുകൊണ്ടാണ് ആനന്ദ് ശർമ രാജിവെച്ചത്. നിർണായകമായ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ തന്നെ അവഗണിക്കുകയാണെന്ന് ശർമ്മ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, സംസ്ഥാനത്തെ പാർട്ടി സ്ഥാനാർത്ഥികൾക്കായി പ്രചാരണം തുടരുമെന്ന് അദ്ദേഹം സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
മുൻ കേന്ദ്രമന്ത്രിയും രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവുമായ അദ്ദേഹത്തെ ഏപ്രിൽ 26നാണ് ഹിമാചൽ പ്രദേശിലെ സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാനായി നിയമിച്ചത്. ആസാദും ശർമ്മയും ജി-23 ഗ്രൂപ്പിലെ പ്രമുഖ നേതാക്കളാണ്, ഇരുവരും പാർട്ടി നേതൃത്വത്തിന്റെ പല തീരുമാനങ്ങളെയും വിമർശിച്ച് പല തവണ രംഗത്തെത്തിയിട്ടുണ്ട്.