ഫ്ലാറ്റിൽ കയറിയ മോഷ്ടാക്കൾ ദമ്പതികളെ ബന്ധികളാക്കി വായിൽ ടേപ്പ് ഒട്ടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം
മുംബൈ: അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ വൃദ്ധ ദമ്പതികളെ ബന്ധികളാക്കി വായില്‍ ടേപ്പ് ഒട്ടിച്ചു. തുടര്‍ന്ന് അബോധാവസ്ഥയിലായ 70 വയസുകാരി മരണപ്പെടുകയും ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ദക്ഷിണ മുംബൈയില്‍ ഞായറാഴ്ച ആയിരുന്നു സംഭവം. വീട്ടില്‍ നിന്ന് സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടാക്കള്‍ അപഹരിച്ചതായി പൊലീസ് അറിയിച്ചു.
യൂസുഫ് മന്‍സില്‍ ബില്‍ഡിങിലായിരുന്നു സംഭവം. 75 വയസുകാരനായ മദന്‍ മോഹന്‍ അഗര്‍വാളും 70 വയസുകാരിയായ ഭാര്യ സുരേഖ അഗര്‍വാളും മാത്രം താമസിച്ചിരുന്ന വീട്ടിലാണ് മൂന്ന് പേര്‍ അടങ്ങിയ മോഷ്ടാക്കളുടെ സംഘം എത്തിയത്. രാവിലെ ആറ് മണിയോടെ ഇരുവരും പ്രഭാത നടത്തത്തിന് പോകാനിറങ്ങിയ സമയം മോഷ്ടാക്കള്‍ വീടിനകത്തേക്ക് കയറി. തുടര്‍ന്ന് ഇരുവരുടെയും വായില്‍ ടേപ്പ് ഒട്ടിച്ച ശേഷം കൈയും കാലും കെട്ടിയിട്ടു. ശേഷം സ്വര്‍ണാഭരണങ്ങളും വാച്ചുകളും പണവുമായി കടന്നുകളയുകയായിരുന്നു.
അനങ്ങാന്‍ സാധിക്കാത്ത അവസ്ഥിയിലായിരുന്നെങ്കിലും ഭര്‍ത്താവ് ഇഴഞ്ഞു നീങ്ങി വാതിലിന് അടുത്തെത്തി അലാം ബട്ടണ്‍ അമര്‍ത്തിയതോടെയാണ് ഹൗസിങ് സൊസൈറ്റി അധികൃതര്‍ വിവരമറിഞ്ഞ് ഓടിയെത്തിയത്. അപ്പോഴേക്കും സുരേഖ അഗര്‍വാള്‍ അബോധാവസ്ഥയിലായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി മോഷ്ടാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.