ഹർ ഗർ തിരംഗ; കാമുകൻ്റെ വീട്ടിൽ ത്രിവർണ്ണ പതാക ഉയർത്തി സീമ ഹൈദർ
ഓൺലൈൻ ഗെയിമിംഗ് ആപ്പിലൂടെ പ്രണയിച്ച കാമുകനെ കാണാൻ തന്റെ നാല് കുട്ടികൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തിയ സീമ ഗുലാം ഹൈദറെ ആരും മറന്നു കാണില്ല. വലിയ കോളിളക്കമാണ് ഈ പാകിസ്താൻ വനിത ഇന്ത്യയിൽ സൃഷ്ടിച്ചത്. ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ നിറയുകയാണ് സീമ ഹൈദർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹർ ഗർ തിരംഗ’ ആഹ്വാനത്തിന് പിന്നാലെ, ഗ്രേറ്റർ നോയിഡയിലെ കാമുകന്റെ വീട്ടിൽ സീമ ത്രിവർണ്ണ പതാക ഉയർത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഗ്രേറ്റർ നോയിഡയിലെ കാമുകൻ സച്ചിൻ മീണയുടെ വസതിയിൽ കുടുംബത്തോടൊപ്പമാണ് സീമ ഹൈദർ ത്രിവർണ്ണ പതാക ഉയർത്തിയത്. പതാക ഉയർത്തുമ്പോൾ സീമ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുന്നതും വൈറലായ വീഡിയോയിൽ കാണാം.
പാകിസ്താൻ യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നതിനിടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. അതേസമയം സിനിമയിൽ അഭിനയിക്കാൻ ലഭിച്ച ഓഫർ നിരസിച്ചതായി സീമയുടെ അഭിഭാഷകൻ എ.പി സിംഗ് പറഞ്ഞു. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന പാർട്ടി അംഗത്തിൽ നിന്ന് സീമ ഹൈദറിന് അന്ത്യശാസനം ലഭിച്ചതിന് പിന്നാലെയാണ് പിന്മാറ്റം.