Saturday, January 4, 2025
Kerala

മാസപ്പടി വിവാദം; മുഖ്യമന്ത്രിക്കും മകള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി. വിവരാവകാശ പ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് വിജിലന്‍സ് മേധാവിക്ക് പരാതി നല്‍കിയത്. സംസ്ഥാനത്തെ ഏജന്‍സികള്‍ അന്വേഷണം നടത്താത്തത് നിയമവാഴ്ച തകര്‍ന്നതിന് തെളിവാണെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മാസപ്പടി വിവാദങ്ങളോടുള്ള ചോദ്യങ്ങളില്‍ നിന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞു മാറി.

സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും ഒരേ പോലെ പ്രതിരോധത്തിലാക്കിയ മാസപ്പടി വിവാദത്തില്‍ ഇതാദ്യമായാണ് ഔദ്യോഗിക പരാതി വിജിലന്‍സിന് ലഭിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് വിജിലന്‍സ് മേധാവിക്ക് പരാതി നല്‍കിയത്. രണ്ടു വ്യക്തികള്‍ തമ്മിലോ കമ്പനികള്‍ തമ്മിലുയുള്ള സാമ്പത്തിക ഇടപാടിനപ്പുറം
മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണം. കൈക്കൂലിക്കും, അധികാരദുര്‍വിനിയോഗത്തിനും കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് പരാതിയില്‍ ഉള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങി പത്തുപേര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. സംഭവത്തില്‍ സംസ്ഥാനത്തെ ഏജന്‍സികള്‍ അന്വേഷണം നടത്താത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി ഗിരീഷ് ബാബു ഗവര്‍ണര്‍ക്കും നല്‍കിയിട്ടുണ്ട്. വിവാദം പരിശോധിക്കുമെന്നു കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *