‘ഉമ്മൻചാണ്ടി വയ്യാതെ കിടക്കുമ്പോൾ തന്നെ യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി’; കെ സുരേന്ദ്രൻ
വിവാദ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ. ഉമ്മൻചാണ്ടി വയ്യാതെ കിടക്കുമ്പോൾ തന്നെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണം യു.ഡി.എഫ് ആരംഭിച്ചിരുന്നതായി കെ സുരേന്ദ്രൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമർശം.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത ആളാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അങ്കമാലി ഫോർ കാലടി എന്ന് പറയുന്നതുപോലെയാണ് വി.ഡി സതീശൻ ഫോർ പിണറായി വിജയൻ. മുഖ്യമന്ത്രിയോട് പറയാനുള്ളത് സതീശനോട് പറഞ്ഞാൽ മതി. സതീശനെ പ്രതിപക്ഷ നേതാവാക്കിയത് പിണറായിയുടെ പെട്ടി തൂക്കാനല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദങ്ങളിലും സുരേന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രിയും മകളും കരിമണൽ വ്യവസായത്തിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങൾ നേരിടാൻ പോലും സിപിഎം നേതൃത്വത്തിന് കഴിയുന്നില്ല. മുഖ്യമന്ത്രിയും മകളും ഉന്നതരായ കോൺഗ്രസ് നേതാക്കളും അടക്കം 96 കോടി രൂപ മാസപ്പടി വാങ്ങി. സംസ്ഥാനത്തെ അന്വേഷണ ഏജൻസികളൊന്നും തന്നെ ചോദ്യം ചെയ്യാത്തത് നിയമവാഴ്ചയുടെ തകർച്ചയുടെ തെളിവാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.