Saturday, April 12, 2025
National

ബിഹാറിൽ ബിജെപി-ജെഡിയു സഖ്യം വഴിപിരിയുന്നു; നിതീഷ് കുമാര്‍ അൽപസമയത്തിനകം രാജിവയ്ക്കും

 പറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ വിടുന്നു. ഗവർണറെ കണ്ട് ഇന്ന് തന്നെ നിതീഷ് രാജിക്കത്ത് നൽകുമെന്നാണ് സൂചന.  നിതീഷിന് ആര്‍ജെഡിയും കോണ്‍ഗ്രസും പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്. നിതീഷ് സര്‍ക്കാരിലെ തങ്ങളുടെ എംഎൽഎമാരോട് തുടര്‍നിര്‍ദേശത്തിനായി കാത്തിരിക്കാൻ ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്.  

ബിഹാറിൽ ബിജെപിയുമായുള്ള ദീർഘകാലബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് നിതീഷ് കുമാർ.  നാല് മണിക്ക് ഗവർണറെ കാണുന്ന നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നാണ് സൂചന. 79 എം എൽ എമാർ ഉള്ള ആർജെഡിയും 19 അംഗങ്ങൾ ഉള്ള കോൺഗ്രസും നിതീഷിന് പിന്തുണ അറിയിച്ചു കത്തു നൽകി. ഇതോടെ ബിജെപിയെ ഒഴിവാക്കി പുതിയ സർക്കാർ ഉണ്ടാക്കാൻ നിതീഷിന് നിഷ്പ്രയാസം കഴിയും.

എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മുഴുവന്‍ പേരോടും പാറ്റ്നയിലെത്താന്‍ നിതീഷ് കുമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എംപിമാരും മറ്റ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. ആര്ജെഡി യോഗവും ഇന്ന് നടന്നു. 

 ജെഡിയു – ബിജെപി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സര്‍ക്കാരിനെ തന്നെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുന്നത്. ബീഹാർ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വരാസ്യങ്ങൾ കൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്. 

ശനിയാഴ്ച സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ച നിതീഷ് കുമാർ വൈകാതെ ദില്ലിയിലെത്തി കൂടിക്കാഴ്ച  നടത്താന്‍ സമയം തേടിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം മത്സരിച്ച ജെഡിയുവിന് 45 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപി 77 സീറ്റുകൾ നേടിയെങ്കിലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു, മുഖ്യ പ്രതിപക്ഷമായ ആർജെഡിക്ക് 80 ഉം കോൺഗ്രസിന് 19ഉം എംഎല്‍എമാരാണുള്ളത്. 

ഇന്നലെ നടന്ന നീതി ആയോഗ് യോഗത്തിലടക്കം നിതീഷ് കുമാർ പങ്കെടുക്കാതിരുന്നതും പുറത്തേക്കെന്ന സൂചനകൾ ശക്തമാക്കിയിരുന്നു.  മുതിർന്ന ജെഡിയു നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ആർസിപി സിംഗ് ബിജെപിയോടടുത്തതും നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചു. സർക്കാറിനെ നിരന്തരം വിമർശിക്കുന്ന സ്പീക്കറെ മാറ്റണമെന്നും, രണ്ട് കേന്ദ്രമന്ത്രി സ്ഥാനം വേണമെന്നുമുള്ള നിതീഷ് കുമാറിന്‍റെ ആവശ്യം ബിജെപി നേരത്തെ തള്ളിയിരുന്നു. 

ബിഹാർ നിയമസഭയിൽ ആകെ 243 എംഎൽഎമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 122 എംഎൽഎമാരുടെ പിന്തുണ വേണം. 

Leave a Reply

Your email address will not be published. Required fields are marked *