സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡനെതിരെ തെളിവില്ലെന്ന് സിബിഐ; അന്വേഷണം അവസാനിപ്പിക്കുന്നു
ഹൈബി ഈഡനെതിരായ സോളാര്‍ പീഡനക്കേസ് സിബിഐ അവസാനിപ്പിക്കുന്നു. ഹൈബി ഈഡനെതിരെ തെളിവില്ലെന്ന് കാണിച്ച് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തെളിവ് നല്‍കാന്‍ പരാതിക്കാരിക്ക് സാധിച്ചില്ലെന്നും അന്വേഷണത്തിലും തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് കേസുകളില്‍ അന്വേഷണം തുടരുന്നതായും സിബിഐ കോടതിയെ അറിയിച്ചു. തിരുവനന്തപുരം സിബിഐ കോടതി മുമ്പാകെയാണ് തിരുവനന്തപുരം സിബിഐ യൂണിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഹൈബി ഈഡന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സര്‍ക്കാര്‍ ഈ കേസ് അന്വേഷണം സിബിഐക്ക് കൈമാറിയത്. നേരത്തെ ഈ പീഡനക്കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനും തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
എംഎല്‍എ ഹോസ്റ്റലിലുള്‍പ്പെടെ സിബിഐ സംഘമെത്തി തെരച്ചില്‍ നടത്തിയിരുന്നു. പരാതിക്കാരിയുടെ ഉള്‍പ്പെടെ മൊഴി വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. തെളിവില്ലാതെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ഹൈബി ഈഡനെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്നാണ് സിബിഐയുടെ നിഗമനം. പരാതിക്കാരിയുടെ മൊഴിയിലും ചില വൈരുധ്യങ്ങളുണ്ടെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.