Monday, April 14, 2025
National

തൃശൂരിൽ പൊലീസുകാരനെ വെട്ടി കടന്നുകളഞ്ഞ് പ്രതിയും കൂട്ടാളികളും; സിനിമാ സ്റ്റൈലിൽ പിടികൂടി പൊലീസ്

തൃശൂർ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയിൽ. കൊലക്കേസ് അടക്കം ക്രിമിനൽ കേസുകളിലെ പ്രതികളായ ചൊവ്വൂർ സ്വദേശി ജിനോ ജോസ്, സഹോദരൻ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത തൃശൂർ നന്ദിക്കരയിൽ വെച്ച് പുലർച്ചെ ഒരു മണിയോടെയാണ് പിടികൂടിയത്.

ആക്രമണത്തിന് ശേഷം സ്വിഫ്റ്റ് കാറിൽ രക്ഷപ്പെട്ട ജിനോയും മേജൊയും വഴിൽ വെച്ച് സ്വിഫ്റ്റ് കാർ ഉപേക്ഷിച്ച് സുഹൃത്ത് അനീഷിന്റെ ഓഡി കാറിൽ രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയത് അനുസരിച്ച് പരിശോധനയിലായിരുന്ന പൊലീസ് ഒരു മണിയോടെ നന്ദിക്കരയിൽ വെച്ച് പൊലീസ് വാഹനങ്ങൾ റോഡിന് കുറുകെയിട്ട് സിനിമാ സ്‌റ്റൈലിൽ ആണ് പ്രതികളെ പിടികൂടിയത്. മൂവരേയും ചേർപ്പ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ചേർപ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് ഇന്നലെ വൈകീട്ട് 7.45ഓടെ വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ കുർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേഖലയിൽ സംഘർഷം ഉണ്ടെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു ചേർപ്പ് പോലീസ്. ഇതിനിടെ പ്രതിയുടെ വീട്ടിലും തർക്കമുണ്ടായിരുന്നു. ഇത് അന്വേഷിക്കാൻ വീട്ടിലെത്തിയപ്പോഴാണ് ജിനോ വാളുകൊണ്ട് സുനിലിന്റെ മുഖത്ത് വെട്ടിയത്. വെട്ടിയ ശേഷം ഇയാളും സഹോദരൻ മോജോയും കാറിൽ രക്ഷപ്പെടുകയായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ ഷൈജു, ചേർപ്പ് സി.ഐ ഉൾപ്പടെയുള്ളവരുടെ നേതൃത്ത്വത്തിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൂവരും പിടിയിലായത്. പരുക്കേറ്റ സി.പി.ഒ സുനിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *