ഡൽഹിയിൽ നരബലി നടത്താൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു
ഡൽഹിയിൽ നരബലി നടത്താൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. അമർകോളനി പൊലിസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവർ അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത് വന്നത്.
സൗത്ത് ഡൽഹിയിലെ കൈലാഷ് സെക്ടറിലാണ് സംഭവം നടന്നത്. മരിച്ചു പോയ പിതാവിനെ തിരികെ കൊണ്ടുവരാൻ വേണ്ടിയാണ് കുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമിച്ചതെന്ന് പിടിയിലായ യുവതി പൊലീസിനോട് പറഞ്ഞു. കൃത്യസമയത്ത് പൊലീസ് നടത്തിയ ഇടപെടലിലൂടെയാണ് കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞത്. ഒരു ദിവസം മുൻപാണ് ഇവർ കുഞ്ഞിനെ തട്ടിക്കൊണ്ട് വന്നത്. കുഞ്ഞിനെ ബലി കൊടുത്താൽ മരിച്ചു പോയ പിതാവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നായിരുന്നു യുവതിയുടെ വിശ്വാസമെന്ന് പൊലീസ് പറഞ്ഞു. അന്ധവിശ്വാസം അനുസരിച്ച് ആചാരം നടത്തിവരികയായിരുന്നു അറസ്റ്റിലായ സ്ത്രീ.
കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി 24 മണിക്കൂറിനുള്ളിലാണ് പൊലീസ് ഇടപെടൽ ഉണ്ടായത്. കൊല നടത്തുന്നതിന് മുൻപ് തന്നെ പൊലീസിന് കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചു. അതേസമയം, കുഞ്ഞിനെ ബലി കൊടുക്കാൻ ഒരുങ്ങുകയായിരുന്നെന്നും അത് തന്നെയായിരുന്നു പദ്ധതിയെന്നും അറസ്റ്റിലായ യുവതി പൊലീസിനോട് വെളിപ്പടുത്തി.