കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട 12 ദിവസം പ്രായമുള്ള കുഞ്ഞിനെ നവജാത ശിശുവിനെ ശിശുക്ഷേമ സമിതിയിലെത്തിച്ചു
ആലപ്പുഴ തുമ്പോളിയിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ ശിശുക്ഷേമ സമിതിക്ക് കൈമാറി. 12 ദിവസം പ്രായമുള്ള കുഞ്ഞിനെ ബീച്ചിലെ ശിശു പരിചരണ കേന്ദ്രത്തിൽ പരിപാലിക്കും. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്തത്.
തുമ്പോളി സ്വദേശിയായ യുവതി കുട്ടി തൻ്റേതാണെന്ന് പൊലീസിനോട് സമ്മതിച്ചെങ്കിലും കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടില്ല.
കുഞ്ഞിനെ ഉപേക്ഷിച്ച കേസ് അന്വേഷണം ഊർജിതമാക്കാൻ പൊലീസിന് ജില്ലാ കളക്ടർ കൃഷ്ണതേജ കർശന നിർദേശം നൽകിയിരിക്കുകയാണ്.
ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ വെള്ളിയാഴ്ച്ച രാവിലെ രക്തസ്രാവത്തിന് ചികിത്സ തേടി യുവതിയും ആശുപത്രിയിലെത്തിയിരുന്നു. തുമ്പോളി സ്വദേശിനിയായ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിക്കാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നും പൊലീസ് പരിശോധിക്കും.