തൻ്റെ കടയ്ക്കരികെ മറ്റൊരു കട തുടങ്ങി; യുവതിയെ കൊലപ്പെടുത്തി ജ്യൂസ് കടക്കാരൻ
തൻ്റെ കടയ്ക്കരികെ മറ്റൊരു കട തുടങ്ങിയ യുവതിയെ കൊലപ്പെടുത്തി ജ്യൂസ് കടക്കാരൻ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ജൂൺ എട്ടിന് യുവതിയെ കാറിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. കാറിടിപ്പിച്ചതിനു ശേഷം ഇവരെ 50 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഞായറാഴ്ച അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നാസിറാബാദ് ഏരിയയിൽ താമസിക്കുന്ന ജയമന്തി ദേവിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു ആശുപത്രിക്ക് മുന്നിൽ ഇവർ ജ്യൂസ് കാർട്ട് സ്ഥാപിച്ചു. ഇതിനടുത്ത് തന്നെയായിരുന്നു മനോജ് എന്നയാളുടെ ജ്യൂസ് കാർട്ട്. അടുത്തടുത്ത് കട ആയതിനാൽ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതിനിടെയാണ് ജയമന്തി ദേവി കാറിടിച്ച് കൊല്ലപ്പെടുന്നത്. പൊലീസ് അന്വേഷണത്തിൽ ഇവരെ ഇടിച്ച കാർ കണ്ടെത്തിയെങ്കിലും കാറിൽ നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. എന്നാൽ, തുടരന്വേഷണത്തിൽ മനോജും അഞ്ച് കൂട്ടാളികളും പിടിയിലായി. കൊലപാതകത്തിനുപയോഗിച്ച കാർ പൊലീസ് കണ്ടെടുത്തു.
യുവതിയെ കൊലപ്പെടുത്താൻ 50,000 രൂപ മനോജ് നൽകിയെന്ന് പൊലീസ് പറയുന്നു. കാറിടിച്ചതിനു പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.