നിഹാലിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. ജൂലൈയിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഓട്ടിസം ബാധിച്ച്, സംസാരശേഷി കുറഞ്ഞ കുട്ടിയെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുൽ റഹ്‌മയിൽ നിഹാൽ നൗഷാദ് (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരമുതൽ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രി എട്ടോടെയാണ് 300 മീറ്റർ അകലെയുള്ള ആൾപ്പാർപ്പില്ലാത്ത വീടിന്റെ പിൻഭാഗത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ ശരീരം മുഴുവൻ തെരുവുനായ്ക്കൾ കടിച്ചുപറിച്ചിട്ടുണ്ട്. അരയ്ക്ക് താഴെ മുഴുവൻ മുറിവുകളുണ്ട്. വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയുടെ പിന്നാലെ നായക്കൂട്ടം ഓടിയപ്പോൾ പേടിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതാകാമെന്നും അവിടെവെച്ചായിരിക്കാം നായകളുടെ ആക്രമണമെന്നും കരുതുന്നു. സംസാരശേഷിയില്ലാത്ത കുഞ്ഞായതിനാൽ നിലവിളിക്കാനോ ഒച്ച വെക്കാനോ നിഹാലിന് സാധിച്ചില്ല.