സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ മറ്റൊരു യുവതിയെ കൊലപ്പെടുത്തി; 22കാരിയും ആൺസുഹൃത്തും അറസ്റ്റിൽ
സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ മറ്റൊരു യുവതിയെ കൊലപ്പെടുത്തിയ 22കാരിയും ആൺസുഹൃത്തും പിടിയിൽ. ഉത്തർ പ്രദേശിലെ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബധ്പുര സ്വദേശി പായൽ ഭാട്ടി, ആൺസുഹൃത്ത് അജയ് താക്കൂർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു ടെലിവിഷൻ ഷോയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് യുവതിയും ആൺസുഹൃത്തും കൃത്യം നടത്തിയത്. കൊല്ലപ്പെട്ട യുവതി ഒരു മാളിലെ ജീവനക്കാരിയായിരുന്നു. ഇവർക്ക് അജയ്‌യെ പരിചയമുണ്ടായിരുന്നു. തൻ്റെ അതേ ശരീരപ്രകൃതിയാണ് യുവതിയ്ക്കെന്ന് മനസ്സിലാക്കിയ പായൽ ഇവരുമായി ചങ്ങാത്തം സ്ഥാപിച്ചു. അജയ് ആണ് ഇവരെ പായലിൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിൽ വച്ച് യുവതിയുടെ കഴുത്തറുത്ത് കൊന്ന പ്രതികൾ ഇവരുടെ മുഖം എണ്ണയും ആസിഡുമൊഴിച്ച് വികൃതമാക്കി. തുടർന്ന് പായലിൻ്റെ വസ്ത്രങ്ങൾ ഇവരെ അണിയിച്ചു. ശേഷം ഒരു ആത്‌മഹത്യാ കുറിപ്പും തയ്യാറാക്കി. തുടർന്ന് ആൺസുഹൃത്തിനൊപ്പം പായൽ രക്ഷപ്പെട്ടു. മരണപ്പെട്ടത് പായലാണെന്ന് കരുതിയ ബന്ധുക്കൾ മൃതദേഹം മറവുചെയ്തു. എന്നാൾ, മരണപ്പെട്ട യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കുറ്റവാളികൾ പിടിയിലാവുകയായിരുന്നു.
പായലിൻ്റെ പിതാവ് ബന്ധുക്കളിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാൻ കഴിയാതായതോടെ ബന്ധുക്കൾ ഇയാളെ അധിക്ഷേപിച്ചു. ഇത് താങ്ങാനാവാതെ പായലിൻ്റെ പിതാവും മാതാവും തൂങ്ങിമരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പായൽ തൻ്റെ മരണം വ്യാജമായി സൃഷ്ടിച്ചത്.