തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ തീപിടിത്തം, അച്ഛനും മകനും ഉൾപ്പെടെ 3 പേർ മരിച്ചു
തമിഴ്നാട്ടിലെ വാണിയമ്പാടിയിൽ ആമ്പല്ലൂർ ഗ്രാമത്തിന് സമീപമുള്ള പടക്ക നിർമാണശാലയിൽ തീപിടിത്തം. അച്ഛനും മകനും ഉൾപ്പെടെ 3 പേർ പൊള്ളലേറ്റ് മരിച്ചു. സംഭവത്തിൽ രണ്ട് തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കടയുടമ ആർ കുമാർ(45) മകൻ കെ ദയാലമൂർത്തി(12) എന്നിവരാണ് മരിച്ചത്. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. നട്രംപള്ളി ടൗൺ നിവാസിയായ കുമാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗ്രാമത്തിൽ പടക്കക്കട നടത്തി വരികയായിരുന്നു. മകൻ കെ ദയാലമൂർത്തിക്കൊപ്പമാണ് ഇന്ന് കട തുറന്നത്. തൊഴിലാളികളായ അമ്പൂർ താലൂക്ക് സ്വദേശികളായ ആർ വേലായുധം(57), എസ് രാമൻ(36) എന്നിവരും കടയിൽ ഉണ്ടായിരുന്നു.
കുമാറും മകനും ഗോഡൗണിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് പടക്കങ്ങൾ പൊട്ടിത്തെറിക്കുകയും കടയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയും ചെയ്തു. വഴിയാത്രക്കാർ ഉടൻ തന്നെ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. കടയിൽ നിന്നും സമീപ സ്ഥലങ്ങളിലേക്ക് തീ പടർന്നത്തോടെ ആശങ്ക വർധിച്ചു. വാണിയമ്പാടി സ്റ്റേഷനിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
പരുക്കേറ്റവരെ വാണിയമ്പാടി സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി വാണിയമ്പാടി ടൗണിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തിരുപ്പത്തൂർ കളക്ടർ ഡി.ഭാസ്‌കര പാണ്ഡ്യനും തിരുപ്പത്തൂർ പൊലീസ് സൂപ്രണ്ട് കെ.ബാലകൃഷ്ണനും പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. സംഭവത്തിൽ ആമ്പല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.