ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഒന്നാംഘട്ടം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തെ റോഡുകളുടെ ശൃംഖല വിപുലമാകുന്നത് വികസന വേഗത വർദ്ധിപ്പിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 246 കിലോമീറ്റർ നീളുന്ന സോഹ്‌ന-ദൗസ സ്‌ട്രെച്ച് ആണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
1386 കിലോമീറ്റർ നീളവുമായി രാജ്യത്തെ ഏറ്റവും വലിയ എക്സ്പ്രസ് വേയാണ് നിർദ്ദിഷ്ട ഡൽഹി-മുംബൈ അതിവേഗ പാത. ഡല്‍ഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി ആറ് സംസ്ഥാനങ്ങളിലൂട പാത കടന്നുപോകുന്നു. 246 കിലോമീറ്റർ നീളുന്ന സോഹ്‌ന-ദൗസ സ്‌ട്രെച്ച് നിർമ്മാണത്തിനായി 12,150 കോടി രൂപ ചെലവിട്ടു. ശേഷിച്ച ഘട്ടങ്ങളും വേഗത്തിൽ യാഥാർത്ഥ്യമാകും എന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന് അനിവാര്യമായ റോഡുകൾ പരിസ്ഥിതിയ്ക്ക് വെല്ലുവിളി ആകാതെ നിർമ്മിയ്ക്കുക എന്ന കടമയാണ് സർക്കാർ നിർവഹിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എക്സ്പ്രസ് ഹൈവേയുടെ ആദ്യ സ്ട്രച്ച് തുറക്കുന്നതോടെ ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കുള്ള യാത്രാസമയം അഞ്ച് മണിക്കൂറിൽ നിന്ന് 3.5 ആയി കുറയും. എക്സ്പ്രസ് ഹൈവേ പൂർണ്ണമായി പ്രപർത്തന സജ്ജമാകുമ്പോൾ ഡൽഹി-മുംബൈ യാത്രാ സമയം 24 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി ചുരുങ്ങും. രാജ്യത്തെ പ്രധാന നഗരങ്ങളായ കോട്ട, ഇൻഡോർ, ജയ്പൂര്‍, ഭോപ്പാൽ, വഡോദര, സൂറത്ത് തുടങ്ങിയ നഗരങ്ങളെ ബധിപ്പിച്ച് കൊണ്ടാണ് പാത കടന്ന് പോകുക.13 തുറമുഖങ്ങൾ, 8 പ്രധാന വിമാനത്താവളങ്ങൾ, 8 മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കുകൾ (MMLP) ഇവയും എക്സ്പ്രസ് വേയുടെ സഞ്ചാര പദത്തിൽ ഉൾപ്പെടുന്നു.