Saturday, January 4, 2025
National

‘ബിജെപിക്കെതിരായി ആരുമായും സഖ്യത്തിന് തയ്യാർ’: യെച്ചൂരിയുടെ വാക്കുകളെ സ്വാഗതം ചെയ്ത് കോൺഗ്രസ്

കൊച്ചി: ബിജെപിക്കെതിരെ ആരുമായും സഖ്യത്തിന് തയ്യാറെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേരള ഘടകത്തിന് അന്ധമായ കോൺഗ്രസ് വിരോധമാണ്.യച്ചൂരി കേരളത്തിലെ നേതാക്കൾക്ക് കാര്യങ്ങൾ മനസിലാക്കിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎം സഹകരണത്തിന്‍റെ പശ്ചാത്തലത്തിലാണ് വേണുഗോപാലിന്‍റെ പ്രതികരണം.

സംസ്ഥാനത്തെ കോൺഗ്രസ് സിപിഎം സഹകരണം തകർക്കാൻ പറ്റില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സര്‍കാര്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ത്രിപുരയിൽ ഇരു പാർട്ടികൾക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയില്ല. കോൺഗ്രസ് പ്രചാരണത്തിൽ പിന്നിൽ എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി..

കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടുന്നത് ദിവസവും കാണുന്ന മലയാളി ത്രിപുരയില്‍ എത്തിയാല്‍ മൂക്കത്ത് വിരല്‍വക്കും . കെട്ടിയ കൊടിയൊന്ന് ചരിഞ്ഞാല്‍ കേരളത്തില്‍ തല്ലു നടക്കുമെങ്കില്‍ . ത്രിപുരയില്‍ കൊടി എടുത്ത് കൊടുക്കുന്നത് കോണ്‍ഗ്രസുകാരനും കെട്ടുന്നത് സിപിഎംകാരനുമാണ്. സിപിഎം സ്ഥാനാർത്ഥിയും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയും ഒരേ വേദിയില്‍ എത്തി പ്രചാരണം നടത്തും , പ്രസംഗിക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയേ കോണ്‍ഗ്രസ് സ്ഥനാർത്ഥി വോട്ട് ചോദിക്കൂ.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെയും ചിത്രം വച്ചാണ് കോണ്‍ഗ്രസ് പ്രചാരണമെങ്കിലും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും ഇവരാരും പ്രചാരണത്തിന് എത്തിയിട്ടില്ല. ആ നിലക്ക് ധാരണ അനുസരിച്ച് കിട്ടിയ പതിമൂന്ന് സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാ‍ർത്ഥികള്‍ ആശ്രയിക്കുന്നത് സിപിഎം സംഘടന സംവിധാനത്തെയാണ്. കുറഞ്ഞ സീറ്റിലേ മത്സരിക്കുന്നുള്ളുവെങ്കിലും കോണ്‍ഗ്രസ് മേഖലകളിലെ റാലികളിലെല്ലാം സിപിഎം കൊടികള്‍ക്കൊപ്പം തന്നെയാണ് കോണ്‍ഗ്രസിന്‍റെ മൂവർണകൊടിയും പാറുന്നത് പ്രചാരണ റാലികളിലെ വേദിയിലുമെല്ലാം അരിവാള്‍ ചുറ്റികക്കൊപ്പം തന്നെ കൈപ്പത്തിയുമുണ്ട്. ബിജെപിയുടെ വർഗീയ അജണ്ടയെ തോല്‍പ്പിക്കാന്‍ വ്യത്യസ്ഥ ചേരിയിലാണെങ്കിലും മതേതര പാര്‍ട്ടികള്‍ സഹകരിക്കണമെന്നതാണ് സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് നിലപാട്. അതിന്‍റെ അടിസ്ഥാനത്തിലാണ് ബംഗാളിന് പിന്നാലെ ത്രിപുരയിലും കോണ്‍ഗ്രസ് സിപിഎം കൂട്ട്കെട്ട് ഉടലെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *