കാട്ടാന ആക്രമണത്തിൽ സൈനികന് ദാരുണാന്ത്യം
കാട്ടാന ആക്രമണത്തിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഗുവാഹത്തിയിലെ നരേംഗി കന്റോൺമെന്റ് ഏരിയയിലാണ് സംഭവം. ഖംലിയൻ കാപ് എന്ന സൈനിക ഉദ്യോഗസ്ഥനാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് കന്റോൺമെന്റിനുള്ളിൽ ഡ്യൂട്ടിയിലായിരുന്ന ജവാനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
സൈനികനെ ബസിസ്ത ഏരിയയിലെ ബേസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. സംഭവത്തിന് പിന്നാലെ കന്റോൺമെന്റിനുള്ളിൽ, പ്രത്യേകിച്ച് തിമയ്യ, മനേക്ഷാ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നരേംഗിലെ സൈനികർക്കും കുടുംബാംഗങ്ങൾക്കും മുന്നറിയിപ്പ് നൽകി.
ഗുവാഹത്തി നഗരത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ആംചാങ് വന്യജീവി സങ്കേതത്തോട് ചേർന്നുള്ള പ്രദേശമാണ് നരേംഗി കന്റോൺമെന്റ്. സംരക്ഷിത വനമേഖലയായ ഇവിടെ കാട്ടാനകളുടെ പ്രധാന കേന്ദ്രമാണ്. കൊമ്പന്മാർ പതിവായി സഞ്ചരിക്കുകയും സ്വതന്ത്രമായി വിഹരിക്കുകയും ചെയ്യുന്ന സ്ഥലമാണ് കന്റോൺമെന്റ് ഏരിയ. എന്നാൽ മനുഷ്യ-മൃഗ സംഘർഷത്തിൽ ഒരാളുടെ ജീവൻ നഷ്ടമാകുന്നത് ഇതാദ്യമാണ്.