കെ റെയിലുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങളോട് മറുപടി പറയാതെ സീതാറാം യെച്ചൂരി
കെ റെയിലുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങളോട് മറുപടി പറയാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ ചോദ്യങ്ങൾക്കും കേരള ഘടകം കൃത്യമായി നിലപാട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു കേന്ദ്രക്കമ്മിറ്റി യോഗത്തിന് ശേഷം യെച്ചൂരിയുടെ പ്രതികരണം. മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയതും ട്വീറ്റ് ചെയ്തതും സീതാറാം യെച്ചൂരി. മഹാരാഷ്ട്ര സംസ്ഥാനക്കമ്മിറ്റി നിലപാട് പറഞ്ഞതിനൊപ്പം തന്നെ പാർട്ടിയുടെ ദേശീയ നിലപാട് പറയാൻ യെച്ചൂരിക്ക് തടസ്സങ്ങളുണ്ടായില്ല.
എന്നാൽ കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് പറയാൻ കഴിയാതെ വിഷമിക്കുകയാണ് സിപിഎം ജനറൽ സെക്രട്ടറി.അതിവേഗ അർദ്ധ അതിവേഗ റെയിൽ സംബന്ധിച്ച് സിപിഎമ്മിന്‍റെ ഇരട്ടത്താപ്പിൽ വിമർശനമുയരുമ്പോൾ യെച്ചൂരിയുടെ പ്രതികരണം ഇത്ര മാത്രം. ”എല്ലാ ചോദ്യങ്ങൾക്കും കേരള ഘടകവും കേരള സർക്കാരും കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. അതേക്കുറിച്ച് ഇനി ഞാൻ പ്രതികരിക്കേണ്ടതില്ല’.