പണിതീരാത്ത മേൽപ്പാലത്തിൽ നിന്ന് വീണ് ദമ്പതിമാർ കൊല്ലപ്പെട്ടു; 12 വയസുകാരിയായ മകൾക്ക് ഗുരുതര പരുക്ക്
ഛത്തീസ്ഗഢിലെ പണിതീരാത്ത മേൽപ്പാലത്തിൽ നിന്ന് വീണ് ദമ്പതിമാർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ദുർഗ് – റായ്പൂർ റോഡിൽ ശനിയാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ ഇവരുടെ 12 വയസുള്ള മകൾക്ക് ഗുരുതര പരുക്കേറ്റു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ 30 അടി താഴ്ചയിലേക്ക് വീണായിരുന്നു അപകടം.
ആജുരാം ദേവനാഗം (46), ഭാര്യ നിർമല (42) എന്നിവർ സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. ഇവരുടെ മകൾ അന്നുവിന് (12) ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ റായ്പൂർ എയിംസിൽ പ്രവേശിപ്പിച്ചു. മേൽപ്പാലത്തിൽ നിന്ന് ഒരു കാറും താഴേക്ക് വീണെങ്കിലും കാർ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ദേശീയപാത 53ൽ നിർമാണത്തിലിരുന്ന മേൽപ്പാലത്തിൽ വച്ചാണ് അപകടം നടന്നത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരികെവരുമ്പോഴായിരുന്നു അപകടം. മേൽപ്പാലത്തിൻ്റെ ഒരു ഭാഗം പൂർണമായും പണികഴിഞ്ഞതാണ്. എന്നാൽ, മറുവശത്ത് പണി കഴിഞ്ഞിരുന്നില്ല. ഇത് സംബന്ധിച്ച് അപായ സൂചനയും ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിനു കാരണം. അപകടത്തിനു ശേഷം പൊലീസ് ഇവിടെ ബാരിക്കേഡുകൾ സ്ഥാപിച്ചു.