പുനഃസംഘടനയെ ചൊല്ലി തർക്കം; ചർച്ചകൾക്കായി താരിഖ് അൻവർ നാളെ കേരളത്തിലെത്തും
പുനഃസംഘടനയെച്ചൊല്ലി കോൺഗ്രസിലെ പോര് മുറുകിയ സാഹചര്യത്തിൽ ചർച്ചകൾക്കായി സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ തിങ്കളാഴ്ച കേരളത്തിലേക്ക്. മൂന്നു ദിവസം സംസ്ഥാനത്ത് തങ്ങുന്ന അദ്ദേഹം നേതൃനിരയുമായി സംസാരിക്കും.എന്നാൽ താരിഖ് അൻവറിൽനിന്ന് നീതി കിട്ടില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. ഹൈക്കമാൻഡിനെ സമീപിക്കാൻ തന്നെയാണ് തീരുമാനം. മുമ്പ് പരാതികള്‍ നല്‍കിയപ്പോഴും കെപിസിസി നേതൃത്വത്തോട് മൃദുസമീപനമാണ് താരിഖ് അൻവർ കാണിച്ചതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ച കേരളത്തില്‍ തന്നെ മതിയെന്നാണ് എഐസിസി നിലപാട്. താരിഖ് അൻവർ മൂന്ന് ദിവസം കേരളത്തിലുണ്ടാകും.
അതേസമയം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് വി ഡി സതീശനെതിരായ പടയൊരുക്കത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍. ഇതിനിടെ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ വിഡി സതീശന്‍ രംഗത്തെത്തി. നേതാക്കള്‍ ആത്മപരിശോധന നടത്തണമെന്നും പാര്‍ട്ടിപ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്ന് പറഞ്ഞ സതീശന്‍ ആരോടും വഴക്കിനില്ലെന്നും പ്രതികരിച്ചു.
എ,ഐ ഗ്രൂപ്പുകളുടെ സംയുക്ത ഗ്രൂപ്പ് യോഗത്തെ കെ. മുരളീധരനും എതിര്‍ത്തു. പരാതി അറിയിക്കാൻ ഗ്രൂപ്പ് നേതാക്കള്‍ ദില്ലിക്ക് തിരിക്കാനിരിക്കെ ബ്ലോക്ക് പുനഃസംഘടന തര്‍ക്കത്തിൽ ഇടപെടേണ്ടെന്നും കെപിസിസി തലത്തില്‍ തീര്‍ക്കട്ടെയെന്നുമാണ് എഐസിസി നിലപാട്.