നേതാക്കളുടെ വീഴ്ചയാണ് തോൽവിക്ക് കാരണം; താരിഖ് അൻവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നാണം കെട്ട തോൽവിക്ക് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് എഐസിസി നിരീക്ഷകനായ താരിഖ് അൻവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. ഇടതുപക്ഷത്തെ നേരിടാൻ താഴെ തട്ടിൽ സംഘടനാസംവിധാനം പര്യാപ്തമായില്ലെന്നും താരിഖ് അൻവർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി
നേതാക്കൾക്കിടയിലുള്ള അനൈക്യമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം. നേതൃത്വം ഒറ്റക്കെട്ടാണെന്ന പ്രതീതിയുണ്ടാക്കാൻ സാധിച്ചില്ല. ഈ അനൈക്യം പ്രവർത്തകരിലും പ്രകടമായി. ഗ്രൂപ്പ് നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്ടം പോലെ പ്രവർത്തിച്ചു.
സംഘടനയെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ ലഭിച്ചപ്പോൾ നേതാക്കൾ തെറ്റിദ്ധരിച്ചു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായേക്കുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ അന്ന് യുഡിഎഫിന് വൻവിജയം നേടാനായത്. എന്നാൽ വ്യക്തിഗത നേട്ടമെന്ന നിലയിൽ നേതാക്കൾ കണ്ടു
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്നും കോൺഗ്രസ് പാഠം ഉൾക്കൊണ്ടില്ല. തിരിച്ചുവരവിന് സമയം ലഭിച്ചിട്ടും അലംഭാവം കാണിച്ചുവെന്നും താരിഖ് അൻവറിന്റെ റിപ്പോർട്ടിൽ പറയുന്നു.