ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടിട്ട് ഒരു മാസം; ക്രൈം ബ്രാഞ്ച് അന്വേഷണം അവസാന ലാപ്പിൽ, കുറ്റപത്രം ഉടൻ
ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ ക്രൈം ബ്രാഞ്ച് ഉടൻ കുറ്റപത്രം ഉടൻ സമർപ്പിക്കും. പ്രതി സന്ദീപിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം മാനസിക പ്രശ്നമാണെന്നാണ് നിലവിലെ വിലയിരുത്തൽ. അതേസമയം സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സന്ദീപ് മാനസിക പ്രശ്നം പ്രകടിപ്പിച്ചെന്ന നിർണ്ണായക മൊഴിയും ക്രൈം ബ്രാഞ്ചിന് ലഭിച്ചു.
ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട് 1 മാസം കഴിയുമ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷണം അവസാന ലാപ്പിലാണ്. ശാസ്ത്രീയ തെളിവുകൾക്ക് അപ്പുറം കേസന്വേഷണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. പക്ഷേ കേരളം ചർച്ച ചെയ്ത കേസിൽ പോലീസിന് തുടക്കത്തിൽ ഉണ്ടായ ജാഗ്രതക്കുറവ് കേസിൻ്റ വാദത്തിൻ്റെ ഇടയിൽ തിരിച്ചടിയാകുമോയെന്നാണ് സംശയം.
പ്രതിയായ ജി.സന്ദീപിന്റെ ശരീരത്തിൽ മദ്യത്തിന്റെയോ മറ്റു ലഹരി വസ്തുക്കളുടെയോ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. എന്നാൽ ലഹരിയുടെ ഉപയോഗം കാരണമാണ് സന്ദീപ് പ്രകോപിതനായി അക്രമവും കൊലപാതകവും കാട്ടിയതെന്നായിരുന്നു പൊലീസ് നിഗമനം. രക്തത്തിന്റെ സാംപിൾ എടുക്കുന്നതിൽ കാലതാമസം ഉണ്ടായതാണ് മെഡിക്കൽ റിപ്പോർട്ടിലെ ഈ വ്യത്യാസത്തിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
10ന് പുലർച്ചെ മൂന്നരയോടെയാണ് സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൂയപ്പള്ളി പോലീസ് കൊണ്ടു പോയെങ്കിലും സന്ദീപിന്റെ ഡ്രഗ് സ്ക്രീൻ ടെസ്റ്റ് എന്ന രക്തപരിശോധന നടന്നത് രാത്രി 10 മണിയോടെ മാത്രമാണ്. സംഭവം നടന്ന് 3 ദിവസത്തിനു ശേഷം സന്ദീപിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടപ്പോഴാണ് യൂറിൻ്റെ സാംപിൾ ശേഖരിക്കുന്നത്. വൈകി ശേഖരിച്ച സാംപിൾ കൃത്യമാകാനിടയില്ലെന്ന നിഗമനമാണ് പൊലീസിന്. ഈ വ്യത്യാസം വാദത്തിൽ പ്രതിഭാഗം ഉയർത്തിയേക്കും.
സന്ദീപിന്റെ മാനസിക നില പരിശോധിച്ച് കൊലപാതകത്തിനു പിന്നിലെ പ്രേരണ കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു. സന്ദീപിന് മാനസിക പ്രശ്നം ഇല്ലെന്ന് ഡോക്ടർമാർ പറയുമ്പോഴും സന്ദീപ് അക്രമങ്ങൾ നടത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാനസിക പ്രശ്നങ്ങൾ കാട്ടിയിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന മൊഴിയും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. സന്ദീപിൻ്റെ അധ്യാപകനാണ് ഉണ്ടായ അനുഭവം ക്രൈം ബ്രാഞ്ചിന് മുന്നിൽ വിശദീകരിച്ചത്. പെട്ടെന്നുള്ള പ്രകോപനം മാനസിക നിലയിലുള്ള പ്രശ്നം കൊണ്ടു തന്നെയെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് സംഘത്തിനും ഉള്ളത്.