ശിവസേന അധികാരത്തര്‍ക്കം: കോടതിയില്‍ ഉദ്ധവ് താക്കറെയ്ക്ക് ധാര്‍മിക വിജയം; ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചെന്ന് കോടതി
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ ഗവര്‍ണര്‍ക്ക് തെറ്റുപറ്റിയെന്ന് വിമര്‍ശനവുമായി സുപ്രിംകോടതി. രാജിവച്ചില്ലെങ്കില്‍ ഉദ്ധവ് സര്‍ക്കാരിനെ വീണ്ടും നിയമിക്കുന്നത് പരിഗണിക്കാമായിരുന്നുവെന്ന് സുപ്രിംകോടതി പറഞ്ഞു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചുവെന്നും കോടതി കുറ്റപ്പെടുത്തി.
വിശ്വാസ വോട്ടെടുപ്പിന് ഉള്‍പ്പാര്‍ട്ടി ഭിന്നതകള്‍ കാരണമാകരുതെന്നാണ് കോടതി വ്യക്തമാക്കുന്നത്. രാജി ഫലത്തില്‍ വന്നതുകൊണ്ട് വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ല. രാജിയില്ലായിരുന്നെങ്കില്‍ ഉദ്ധവ് സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നുവെന്നും കോടതി പറഞ്ഞു. ഫലത്തില്‍ ഉദ്ധവ് താക്കറെ പക്ഷത്തിന് കോടതിയില്‍ ഇന്ന് ധാര്‍മിക വിജയം നേടാന്‍ സാധിച്ചു.
അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി വിശാല ബെഞ്ചിന് വിട്ടു. മഹാരാഷ്ട്രയില്‍ ശിവസേന ഏക്‌നാഥ് ഷിന്‍ഡേ വിഭാഗത്തിന്റെ വിപ്പ് നിയമനം നിയമാനുസൃതമല്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. നിയമസഭാ അംഗങ്ങളെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ അധികാരവുമായി ബന്ധപ്പെട്ട നബാം റെബിയ കേസ് വിധി ഏഴംഗ ബെഞ്ച് പരിഗണിക്കും. ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 2022 ജൂലായിലായിരുന്നു മഹാരാഷ്ട്രയിലെ അധികാരമാറ്റം.
സ്പീക്കര്‍ക്കെതിരെ അയോഗ്യതാ പരാതി നിലനില്‍ക്കുന്ന ഘട്ടത്തിലാണെങ്കിലും രണ്ട് പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന ഘട്ടത്തില്‍ അന്വേഷണം നടത്താനുള്ള അധികാരം സ്പീക്കര്‍ക്കുണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഒരു സര്‍ക്കാര്‍ അധികാരമേറ്റാല്‍ അവര്‍ക്ക് സഭയുടെ ഭൂരിപക്ഷം അങ്ങനെയില്ല എന്ന് തെളിയിക്കുന്ന ഘട്ടംവരെ ഉണ്ടെന്നാണ് അനുമാനമെന്നും കോടതി ഓര്‍മിപ്പിച്ചു.
പാര്‍ട്ടികളുടെ ആഭ്യന്തര ഭിന്നതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരു വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങാനുള്ള കാരണമല്ലെന്നും സുപ്രിംകോടതി ഇന്ന് നിരീക്ഷിച്ചു. ശിവസേന പിളര്‍പ്പിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്.