Monday, January 6, 2025
National

ഷിന്‍ഡെയേയും കൂട്ടരേയും നിയമസഭയില്‍ പ്രവേശിപ്പിക്കരുത്; വീണ്ടും സുപ്രിംകോടതിയിലെത്തി ഉദ്ധവ് വിഭാഗം

വിമത നീക്കത്തിനൊടുവില്‍ ഭരണം നഷ്ടമായെങ്കിലും വിട്ടുകൊടുക്കാതെ ഉദ്ധവ് താക്കറെ വിഭാഗം. ഏക്‌നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ഉദ്ധവ് താക്കറെ വിഭാഗം വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. പാര്‍ട്ടികളുടെ വിഭജനമോ ലയനമോ ഗവര്‍ണര്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അയോഗ്യതയില്‍ തീരുമാനമാകുന്നതുവരെ വിമത എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍ ആവര്‍ത്തിക്കുന്നത്. ഷിന്‍ഡെയും ഒപ്പമുള്ള മറ്റ് എംഎല്‍എമാരും മാഹാരാഷ്ട്ര നിയമസഭയില്‍ പ്രവേശിക്കുന്നത് കോടതി ഇടെപട്ട് തടയണമെന്നും ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെടുന്നു.

രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ ഉദ്ധവ് രാജി വച്ചത്.

ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഇന്നലെ രാത്രിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും ഷിന്‍ഡെയ്ക്ക് ഒപ്പം സത്യപ്രതിഞ്ജ ചെയ്തിരുന്നു. ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലെ ഭരണമാറ്റത്തിന്റെ അവസാന നിമിഷം പോലും അപ്രതീക്ഷിത ട്വിസ്റ്റുണ്ടാകുകയായിരുന്നു. അപ്രതീക്ഷിതമായി പത്രസമ്മേളന വിളിച്ച് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ഷിന്‍ഡെയെ പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *