ഡല്‍ഹി അധികാരത്തര്‍ക്ക കേസില്‍ കേന്ദ്രത്തിന് തിരിച്ചടി; നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രിംകോടതി; എഎപി സര്‍ക്കാരിന് വിജയം
ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലെ അധികാരതര്‍ക്ക കേസില്‍ കേന്ദ്രത്തിന് തിരിച്ചടി. നിയമനങ്ങള്‍ നടത്താന്‍ ഡല്‍ഹി സര്‍ക്കാരിന് അധികാരമുണ്ടെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. യഥാര്‍ത്ഥ അധികാരമുള്ളത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് സുപ്രിംകോടതി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി സര്‍ക്കാരിന് ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാന്‍ അവകാശമുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 239 എ (എ) അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനുണ്ടെന്നാണ് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു. 2019ല്‍ സുപ്രിംകോടതി ഇതുമായി ബന്ധപ്പെട്ട് പാസാക്കിയ ഉത്തരവിനോട് ഇന്ന് സുപ്രിംകോടതി വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. എന്‍ട്രി രണ്ടിന്റെ ഭാഗമായുള്ള പൊലീസ്, ആഭ്യന്തരം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെയുള്ള നിയമനങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരിധിയില്‍ വരുമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്.
പൊലീസിന്റെ അധികാരം ഡല്‍ഹി സര്‍ക്കാരിനില്ലെന്നും സുപ്രിംകോടതി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അധികാരം സര്‍ക്കാരിനുണ്ടെന്ന് സുപ്രിംകോടതി അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു. വിധി ഏകകണ്ഠമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.