‘മന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം മാധ്യമങ്ങള്‍ വളച്ചൊടിച്ചു’; മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയെന്ന് എം വി ഗോവിന്ദന്‍
യുവ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാകതത്തിന് തൊട്ടുപിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ പ്രതികരണം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് സിപിഐഎം. ചില മാധ്യമങ്ങള്‍ സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ക്യാമ്പയ്ന്‍ നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഒരു യുവതിയുടെ മരണത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരം സമീപനം ഉണ്ടാകുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കെ റെയില്‍ വരുമെന്ന് എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. കെ റെയിലിന് അംഗികാരം വര്‍ധിച്ച് വരുകയാണെന്ന് എംവി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. കെ റെയിലിന് ബദലല്ല വന്ദേ ഭാരത്. കെ റെയിലില്‍ 20 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍ ഓരോ ഭാഗത്തേക്കും ഓടും. ഒരു വണ്ടി രാവിലെ പുറപ്പെട്ട് വൈകിട്ട് തിരിച്ചെത്തിയിട്ട് എന്താണ് കാര്യമെന്ന് ചോദിച്ച എം വി ഗോവിന്ദന്‍ വന്ദേ ഭാരത് കൊണ്ട് ആളുകള്‍ക്ക് ഉപകാരമില്ലെന്നും പറഞ്ഞു.