മഹാരാഷ്ട വിശ്വാസ വോട്ടെടുപ്പ്; ഷിന്‍ഡേ വിഭാഗത്തിന് ആശ്വാസം, ഗവര്‍ണര്‍ക്ക് പിഴവ് പറ്റിയെന്ന് സുപ്രീംകോടതി
ദില്ലി: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡേ സർക്കാരിന് ആശ്വാസം. ഷിൻഡെ സർക്കാർ അധികാരത്തിൽ തുടരാൻ തടസമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉദ്ധവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിർദ്ദേശിച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമായിരുന്നെന്ന് ഭരണഘടന ബഞ്ച് വിധിച്ചു.
സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് തെളിയിക്കാനുള്ള രേഖകൾ ഗവർണർക്ക് മുന്നിൽ ഇല്ലായിരുന്നു. ശിവസേനയിലെ തർക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാൽ, രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനസ്ഥാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
തന്‍റെ പോരാട്ടം ജനാധിപത്യത്തിന് വേണ്ടിയായിരുന്നുവെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. രാജി വെച്ചില്ലായിരുന്നെങ്കിൽ തന്നെ അധികാരത്തിൽ തിരികെയെത്തിക്കുമായിരുന്നു എന്ന് കോടതി പറഞ്ഞു. പോരാട്ടം തനിക്കുവേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. സുപ്രീംകോടതി തീരുമാനം അനുകൂലമെന്ന് ഉദ്ധവ് വിഭാഗം നേതാവ് അനിൽ പരബും പ്രതികരിച്ചു.