യുപിയിൽ ദുരഭിമാനക്കൊല; കമിതാക്കളെ കൊന്ന് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി
ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല. ഉന്നാവോ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ദളിത് യുവാവുമായി പ്രണയത്തിലായതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ കമിതാക്കളെ കൊന്ന് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി. പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ ഏഴു പേരെ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം മുതൽ കാണാതായ പ്രായപൂർത്തിയാകാത്ത കമിതാക്കളുടെ മൃതദേഹം, ചൊവ്വാഴ്ചയാണ് അസിവൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ കായംപൂർ നിവാർവാര ഗ്രാമത്തിനടുത്തുള്ള മാവിൻതോട്ടത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിക്ക് 17 വയസ്സുണ്ടെന്നും താക്കൂർ സമുദായത്തിൽപ്പെട്ടയാളാണെന്നും 19 വയസ്സുള്ള കാമുകൻ ദളിതനാണെന്നും പൊലീസ് പറഞ്ഞു.
മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് ഒരു ദിവസം മുമ്പ്, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന ആരോപിച്ച് പെൺകുട്ടിയുടെ പിതാവ് യുവാവിനെതിരെ പരാതി നൽകിയിരുന്നതായി പൊലീസ് കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് യുവാവിന്റെ പിതാവ് പെൺകുട്ടിയുടെ കുടുംബത്തിനെതിരെ പരാതി നൽകി.
ഇതോടെ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ ഏഴു പേരെ പൊലീസ് കേസെടുത്തു. ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ ബന്ധുക്കളാണ് ഇരുവരേയും കൊലപ്പെടുത്തിയതെന്നും ആത്മഹത്യയെന്ന് തോന്നിപ്പിക്കാനാണ് കെട്ടിത്തൂക്കിയതെന്നും പ്രതികൾ മൊഴി നൽകുകയായിരുന്നു.