ആതിരയെ കൊലപെടുത്തിയത് ഷാൾ കഴുത്തിൽ കുരുക്കി മരത്തിൽ കെട്ടിത്തൂക്കി, 500 മീറ്ററിലധികം മൃതദേഹം വലിച്ചിഴച്ചു; പ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചു
അതിരപ്പിള്ളിയിൽ യുവതിയെ കൊന്ന് കാട്ടിൽ തള്ളിയ കേസിൽ പ്രതി അഖിലുമായി കാലടി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ആതിരയെ കൊലപെടുത്തിയത് ആസൂത്രിത സംഭവമാണെന്ന് കാലടി പൊലീസ് അറിയിച്ചു. ഷാൾ കഴുത്തിൽ കുരുക്കി മരത്തിൽ കെട്ടി തൂക്കിയാണ് ആതിരയെ കൊലപ്പെടുത്തിയത്. ശേഷം അഞ്ഞൂറ് മീറ്ററിലധികം മൃതദേഹം വലിച്ചു കൊണ്ട് പോയി. തുടർന്ന് പാറ ഇടുക്കിൽ മൃതദേഹം ഒളിപ്പിച്ച ശേഷം മുകളിൽ കരിയിലകൊണ്ട് മൂടുകയായിരുന്നു.
പ്രണയം നടിച്ച് കൂട്ടികൊണ്ട് പോയാണ് ആതിരയെ അഖിൽ വനമേഖലയിൽ എത്തിച്ചത്. അതിരപ്പിള്ളി പുഴയോരത്ത് നിന്നും പ്രതി ഉപേക്ഷിച്ച വസ്ത്രം കണ്ടെത്തി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ വസ്ത്രങ്ങളും മറ്റ് വസ്തുക്കളും പുഴയിൽ ഒഴുക്കി എന്നായിരുന്നു അഖിൽ മൊഴി നൽകിയത്. ചെങ്ങൽ പരുത്തിച്ചോട് പറക്കാട്ട് വീട്ടിൽ സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. അങ്കമാലി വടവഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അടിമാലി പാപ്പിനശേരി അഖിൽ (32) ആണ് അറസ്റ്റിലായത്.
അങ്കമാലിയിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരാണ് അഖിലും ആതിരയും. അഖിൽ ആതിരയുടെ കൈയിൽ നിന്നും പത്ത് പവനോളം ആഭരണങ്ങൾ പലപ്രാവശ്യമായി കടം വാങ്ങിയിരുന്നു. ഇത് ആതിര തിരികെ ചോദിച്ചതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ ആതിരയെ ഭർത്താവാണ് കാലടി ബസ് സ്റ്റാൻഡിൽ വിട്ടത്. റെന്റ് എ കാറിൽ എത്തിയ അഖിൽ ഇവിടെ നിന്നും ആതിരയെ തുമ്പൂർമുഴി വനത്തിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
ആതിരയുടെ കുടുംബം പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണമാണ് അഖിലിലേക്ക് എത്തിയത്. വീട്ടിൽ നിന്നും ലഭിച്ച ആതിരയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അഖിലുമായുള്ള അടുപ്പത്തേക്കുറിച്ച് സൂചന ലഭിച്ചത്. ആതിര കാലടി സ്റ്റാൻഡിൽ എത്തിയതും കാറിൽ ഇരുവരും പോകുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.