സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമായിരുന്നു; ഡി.രാജ
സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമായിരുന്നുവെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ചരിത്രം പരിഗണിക്കാതെ ഉള്ള തീരുമാനമായിപ്പോയി. വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടി കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കും. ചില നിയമങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനമാണ് ഇതെന്നും ഡി രാജ പറഞ്ഞു. സിപിഐക്ക് ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ഡി രാജ.
സിപിഐക്ക് ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെട്ടത് സാങ്കേതികം മാത്രമാണെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞിരുന്നു. ജനങ്ങൾ സിപിഐക്ക് ഒപ്പമുണ്ട്. സിപിഐ ജനങ്ങളുടെ പാർട്ടിയാണ്. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടത് സിപിഐക്ക് വലിയ ആഘാതം എന്നത് തെറ്റിദ്ധാരണയാണ്. കുറവുകളോ കുറ്റങ്ങളോ ഉണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സിപിഐയെ കൂടാതെ എൻസിപി തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്കും ദേശീയ പദവി നഷ്ടമായിട്ടുണ്ട്. 2014, 2019 വർഷങ്ങളിലെ സീറ്റ് നില,വോട്ട്ശതമാനം എന്നിവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ബംഗാളിലും സംസ്ഥാനപാർട്ടി സ്ഥാനം നഷ്ടമായതോടെയാണ് സിപിഐ ദേശീയ പാർട്ടി അല്ലാതായത്. നിലവിൽ മണിപ്പൂരിലും,കേരളത്തിലും,തമിഴ്നാട്ടിലും മാത്രമാണ് സിപിഐക്ക് സംസ്ഥാനപാർട്ടി പദവിയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം അനുസരിച്ച് നാല് സംസ്ഥാനങ്ങളിൽ സംസ്ഥാനപാർട്ടി എന്ന പദവിയുണ്ടെങ്കിൽ ദേശീയപാർട്ടി സ്ഥാനം ലഭിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാർട്ടിക്ക് 4 ലോക്സഭാ സീറ്റുകൾക്ക് പുറമേ 4 സംസ്ഥാനങ്ങളിൽ 6% വോട്ടുകൾ ലഭിച്ചാലും ദേശീയ പാർട്ടിയായി കണക്കാക്കപ്പെടും.