Thursday, January 9, 2025
Kerala

മുഹമ്മദ് റിയാസിന്റെ പിഎഫ്‌ഐ ബന്ധം; സുരേന്ദ്രൻ പറഞ്ഞത് വിശ്വാസയോഗ്യമല്ലെങ്കിലും ഗുരുതരം; വി ടി ബൽറാം

മന്ത്രി മുഹമ്മദ് റിയാസിന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന കെ സുരേന്ദ്രന്റെ ആരോപണം വസ്തുതാപരമായി നോക്കുമ്പോൾ വിശ്വാസയോഗ്യമല്ലെങ്കിലും ഗുരുതരമായ ഒന്നാണെന്ന് വി ടി ബൽറാം.

ബിജെപി നേതാക്കള്‍ നിരന്തരമായി തീവ്രവാദ ആരോപണങ്ങളുന്നയിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് നിയമനടപടികള്‍ക്ക് മുതിരാതെ സിപിഐഎമ്മുകാര്‍ ഓടിയൊളിക്കുന്നതെന്ന് ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു.സംസ്ഥാന ഭരണകൂടത്തിന്റെ തന്നെ വിശ്വാസ്യതക്ക് നേരെയുയരുന്ന വെല്ലുവിളിയാണ് സുരേന്ദ്രന്റെ ആരോപണമെന്നും അദ്ദേഹം കുറിച്ചു.

വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരവാദത്തിന്റെ പേരിൽ ഈ രാജ്യത്ത് നിരോധിക്കപ്പെട്ട ഒരു സംഘടനയാണ്. ആ സംഘടനയുമായി സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ബന്ധമുണ്ടെന്നാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ആരോപണമുന്നയിക്കുന്നത്.
വസ്തുതാപരമായി നോക്കുമ്പോൾ വിശ്വാസയോഗ്യമല്ലെങ്കിലും ഒരു ആരോപണമെന്ന നിലയിൽ ഇത് ഗുരുതരമായ ഒന്നാണ്. ആരോപണ വിധേയനായ വ്യക്തിക്ക് മാത്രമല്ല, സംസ്ഥാന ഭരണകൂടത്തിന്റെ തന്നെ വിശ്വാസ്യതക്ക് നേരെയുയരുന്ന വെല്ലുവിളിയാണ് ഇത്. കാരണം ക്രമസമാധാനപാലനം ഒരു സംസ്ഥാന വിഷയമാണ്. ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു കൂടിയായ പ്രമുഖ മന്ത്രിക്കെതിരെ നിരോധിത തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണം എത്ര കഴമ്പില്ലാത്തതാണെങ്കിലും അതിനതിന്റേതായ ഗൗരവസ്വഭാവം കൈവരുന്നത് സ്വാഭാവികമാണ്.
നേരത്തേ എൽഡിഎഫ് പക്ഷത്തുള്ള കെ.ടി.ജലീൽ എംഎൽഎക്ക് നേരെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനും തീവ്രവാദ ആരോപണം ഉന്നയിച്ചിരുന്നു. അതിനെതിരെ നിയമ നടപടിയൊന്നും വേണ്ട എന്നായിരുന്നു ജലീലിന്റെ തീരുമാനം. മന്ത്രിമാരും എംഎൽഎമാരുമടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ ബിജെപി നേതാക്കൾ ഇങ്ങനെ നിരന്തരമായി തീവ്രവാദ ആരോപണങ്ങളുന്നയിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്യുമ്പോൾ എന്തുകൊണ്ടാണ് നിയമനടപടികൾക്ക് മുതിരാതെ സിപിഎമ്മുകാർ ഓടിയൊളിക്കുന്നത്?

Leave a Reply

Your email address will not be published. Required fields are marked *