Sunday, January 5, 2025
Kerala

വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ്എൻ കോളജ് ഫണ്ട് തട്ടിപ്പില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊല്ലം എസ്.എൻ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസിലെ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു. കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളിയാണ് ഉത്തരവ്.

1998 എസ് എൻ കോളജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്.1 കോടി രൂപ പിരിച്ചെടുത്തതിൽ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എൻ ട്രസ്റ്റിലേക്ക് മാറ്റി.കമ്മിറ്റി ചെയർമാനായിരുന്നു വെള്ളാപ്പള്ളി.ഇതിനെതിരെ അന്ന് കൊല്ലം എസ് എൻ ഡി പി വൈസ് പ്രസിഡന്‍റും ,ട്രസ്റ്റിന്‍റെ ബോർഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്.2020 ൽ ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ പ്രതിയാക്കി കൊല്ലം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു

എന്നാൽ ഇതിനെതിരെ വീണ്ടും പുനരന്വേഷണത്തിന് ഇതേ കോടതി അനുമതി നൽകി.തുടർന്ന് വെള്ളാപ്പള്ളി പ്രതി അല്ലെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *