ഒരു മുഴം മുന്‍പേ എറിഞ്ഞു..;ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി
ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സ്ഥാനാര്‍ഥിയെ നേരത്തെയാണ് പ്രഖ്യാപിച്ചത്. ബിജെപി ഭൂരിപക്ഷം നേടിയാല്‍ ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.
മോദി-ഷാ കൂട്ട്‌കെട്ട് പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ തുടങ്ങിയത് മുതല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍ കൂട്ടി പ്രഖ്യാപിക്കുന്ന പതിവ് ബിജെപി ക്കില്ല. 2014 ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ശേഷം രാജ്യത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലൊന്നും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തി പ്രചാരണം നടത്തിയിട്ടുമില്ല.
തുടര്‍ ഭരണം നേടിയ ഉത്തര്‍ പ്രദേശിലും, ഉത്തരഖണ്ടിലും ഗോവയിലും, മണിപ്പൂരിലും മുഖ്യമന്ത്രിമാര്‍ തുടര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞാണ് ആ തീരുമാനം പോലും പ്രഖ്യാപിച്ചത്. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റിക്കുകയാണ് ഗുജറാത്തില്‍. ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയാല്‍ ഭൂപേന്ദ്ര പട്ടേല്‍ തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരുമെന്ന് അമിത് ഷാ വ്യക്തമാക്കി.2021 സെപ്റ്റംബറില്‍ ഭരണവിരുദ്ധ വികാരം പരിഗണിച്ചാണ് വിജയ് രൂപാനിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത്.ഘട്‌ലോദിയ മണ്ഡലത്തില്‍ നിന്നും 2017ലാണ് ഭൂപേന്ദ്ര പട്ടേല്‍ ആദ്യമായി നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.