ബീഹാറിൽ ദുരഭിമാനക്കൊല; ദമ്പതികളേയും രണ്ട് വയസ്സുള്ള പെൺകുഞ്ഞിനേയും വെടിവച്ചു കൊന്നു
ബീഹാറിൽ ദുരഭിമാനക്കൊല. ദമ്പതികളേയും രണ്ട് വയസ്സുള്ള പെൺകുഞ്ഞിനേയും വെടിവച്ചു കൊന്നു. യുവതിയുടെ പിതാവും സഹോദരനുമാണ് കൊലപാതകത്തിന് പിന്നിൽ. 2021-ൽ ഒളിച്ചോടിയ ദമ്പതികൾ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം
ബിഹാറിലെ നൗഗച്ചിയയിൽ ബുധനാഴ്ചയാണ് സംഭവം. ചന്ദൻ കുമാർ, ഭാര്യ ചാന്ദ്‌നി കുമാരി, ഇവരുടെ രണ്ട് വയസ്സുള്ള മകളുമാണ് മരിച്ചത്. ചന്ദനും ചാന്ദ്‌നിയും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്. 2020 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ ചാന്ദ്‌നിയുടെ വീട്ടുകാർ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. ഇതോടെ 2021-ൽ ഇരുവരും ഒളിച്ചോടുകയായിരുന്നു.
കിടപ്പിലായ പിതാവിനെ കാണാൻ ബുധനാഴ്ചയാണ് ചന്ദൻ കുടുംബത്തോടൊപ്പം ഗ്രാമത്തിലേക്ക് മടങ്ങിവന്നത്. വിവരമറിഞ്ഞ് ചാന്ദ്‌നിയുടെ പിതാവ് പപ്പു സിംഗ് സ്ഥലത്തെത്തി. പിതാവിനെ കണ്ടിറങ്ങിയ ചന്ദനെ പപ്പു ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു, തുടർന്ന് മകൻ ധീരജ് കുമാറിനെ വിളിച്ചുവരുത്തി.
സഹോദരിയെയും ഭർത്താവിനെയും രണ്ടുവയസ്സുള്ള മകളെയും ധീരജ് വെടിവച്ചു കൊല്ലുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. ഇവർ ഒളിവിലാണ്. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.