Monday, January 6, 2025
National

മദ്യപാനത്തെ ചൊല്ലി തർക്കം: മധ്യപ്രദേശിൽ ബിജെപി നേതാവ് ഭാര്യയെ വെടിവച്ചു കൊന്നു

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ബിജെപി നേതാവ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. സംഭവശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

നഗരത്തിലെ റാത്തിബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സായ് നഗർ കോളനിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന ബിജെപി നേതാവ് രാജേന്ദ്ര പാണ്ഡെ ഭാര്യയുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ദേഷ്യത്തിൽ ഇയാൾ ഭാര്യയെ തോക്കുപയോഗിച്ച് വെടിവെച്ചു. അരയ്ക്കു വെടിയേറ്റ ഭാര്യ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി അഡീഷണൽ കമ്മീഷണർ ഓഫ് പൊലീസ് ചന്ദ്രശേഖർ പാണ്ഡെ എഎൻഐയോട് പറഞ്ഞു.

സംഭവം നടക്കുമ്പോൾ പാണ്ഡെയുടെ മകളും മരുമകനും വീട്ടിൽ ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി. പ്രതിയായ രാജേന്ദ്ര പാണ്ഡെ ഇപ്പോൾ ഒളിവിലാണ്. ഇയാളെ പിടികൂടാൻ പൊലീസ് സംഘം തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. കുറ്റാരോപിതനായ പാണ്ഡെ മുമ്പ് ബിജെപിയുടെ മണ്ഡലം വൈസ് പ്രസിഡൻ്റ് ആയിരുന്നു. പാർട്ടിയിലെ അദ്ദേഹത്തിന്റെ നിലവിലെ പദവിയെക്കുറിച്ച് അറിയില്ലെന്നും ചന്ദ്രശേഖർ പാണ്ഡെ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *