അമേരിക്കയിൽ കൂട്ടകൊലപാതകം; ഹൂസ്റ്റണിൽ 4 പേരെ വെടിവച്ചു കൊന്നു
അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ഹൂസ്റ്റണിൽ ഒരാൾ കെട്ടിടത്തിന് തീയിടുകയും, പുറത്തേക്കോടിയ ആളുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. സംഭവത്തിൽ നാല് പേർ കൊല്ലപ്പെടുകയും, 2 പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. പ്രതിയെ ഹൂസ്റ്റൺ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി.
തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ മിക്സഡ് ഇൻഡസ്ട്രിയൽ റെസിഡൻഷ്യൽ ഏരിയയിലാണ് സംഭവം. പ്രതി കെട്ടിടത്തിന് തീയിട്ട ശേഷം ആളുകൾ പുറത്തേക്കിറങ്ങാൻ കാത്തുനിന്നു. തീ വ്യാപിച്ചതോടെ പരിഭ്രാന്തരായ ആളുകൾ പുറത്തേക്കോടി. ഈ സമയം തോക്കുമായി ഒളിച്ചിരുന്ന പ്രതി 5 പേരെ വെടിവച്ചിട്ടു. രണ്ടുപേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്.
ഇരകളെല്ലാം 40 മുതൽ 60 വരെ പ്രായമുള്ള പുരുഷന്മാരാണ്. പിന്നീട് തീപിടിത്തത്തെ കുറിച്ച് വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും അപ്പാർട്ട്‌മെന്റിലെത്തി. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തോക്കുധാരി വെടിയുതിർത്തു. തുടർന്ന് പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.