Tuesday, January 7, 2025
National

കോയമ്പത്തൂര്‍ സ്ഫോടന കേസ്: പാലക്കാടും എൻഐഎ റെയ്ഡ്

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് പാലക്കാടും എൻഐഎ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് എൻഐഎ സംഘം ഇന്ന് പുലര്‍ച്ചയെത്തി പരിശോധന നടത്തിയത്. മുതലമടയിൽ താമസിക്കുന്ന കോയമ്പത്തൂർ സ്വദേശി ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം, ഡിജിറ്റൽ ഉപകരണങ്ങളും ഡോക്യുമെന്റുകളും പിടിച്ചെടുത്തു. ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിൻ്റെ ബന്ധുവാണ് മുസ്തഫ. ഇയാൾക്ക് ഏതെങ്കിലും രീതിയിൽ സ്ഫോടനവുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പാലക്കാട്ടെ റെയ്ഡ് മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഇന്ന് വ്യാപകമായി എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പാലക്കാട്ടും പരിശോധനയുണ്ടായത്. കോയമ്പത്തൂരടക്കം 45 സ്ഥലങ്ങളിലാണ് അതിരാവിലെ മുതൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. അന്വേഷണം ഏറ്റെടുത്ത ശേഷം എൻഐഎ നടത്തുന്ന ഏറ്റവും വലിയ പരിശോധനയാണിത്.

കാർ ബോംബ് സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ കൂട്ടാളികളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും നേരത്തേ ഇന്‍റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നവരുടെ വീടുകളിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഐഎസ് അനുകൂലികൾ എന്ന് സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. കോയമ്പത്തൂരിൽ സ്ഫോടനം നടന്ന ഉക്കടത്തിന് അടുത്തുള്ള പുല്ലുകാടിൽ നിരവധി വീടുകൾ പരിശോധിച്ചു. കോടൈമേട്, കണിയാമുത്തൂർ, സെൽവപുരം എന്നിവിടങ്ങളിലും റെയ്ഡ് ഉണ്ടായി. സംസ്ഥാന സായുധ പൊലീസ് സംഘം റെയ്ഡ് നടന്ന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *