കോയമ്പത്തൂര്‍ സ്ഫോടന കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും; അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍
കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ റിമാന്‍ഡ് ചെയ്ത അഞ്ചു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനായി മുന്നുദിവസത്തെ കസ്റ്റഡിയാണ് കോയമ്പത്തൂര്‍ കോടതി അനുവദിച്ചത്. കേസ് എന്‍.ഐ.എയ്ക്ക് കൈമാറാന്‍ തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തതോടെ അന്വേഷം ഉടന്‍ എന്‍ഐഎ ഏറ്റെടുത്തേക്കും.
സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധം സ്ഥിരീകരിച്ചതോടെ ആസൂത്രിതമായ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. എന്‍.ഐ.എയ്ക്ക് കേസ് കൈമാറാന്‍ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയെങ്കിലും കസ്റ്റഡി അപേക്ഷയുമായി പൊലീസ് മുന്നോട്ട് പോവുകയായിരുന്നു. മുന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചത്.
ജമേഷ മുബീന്റെ വിട്ടില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളും ശരീരത്തില്‍ കണ്ടെത്തിയ രാസലായിനിയും ചാവേര്‍ ആക്രമണ സാധ്യത ബലപ്പെടുത്തുന്നതാണ്. ഇവ അന്വേഷണ സംഘം ഇതിനോടകം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.
ചെന്നെയില്‍ നിന്ന് കോയമ്പത്തൂരില്‍ എത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പിടിയിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും മറ്റ് തീവ്രവാദ സംഘടനകളുടെ സ്വാധീനവും പൊലീസ് പരിശോധിക്കുന്നുണ്ട്.