Sunday, January 5, 2025
National

കോയമ്പത്തൂർ കാർ സ്ഫോടനം; ചാവേ‍ർ ആക്രമണം തന്നെയെന്നതിന് കൂടുതൽ സൂചനകൾ, അന്വേഷണം തുടരുന്നു

ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനം ചാവേ‍ർ ആക്രമണമാണെന്ന കൂടുതൽ സൂചനകൾ പുറത്ത്. അതേസമയം, ഇയാളുടെ ഭാര്യക്ക് പദ്ധതികളെപ്പറ്റി അറിവില്ലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ബധിരയും മൂകയുമായ ഇവരെയും പലവട്ടം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

ഐഎസ് പതാകയോട് സാമ്യമുള്ള ചിഹ്നം ആലേഖനം ചെയ്ത സ്ലേറ്റ്, അറബിയിലും തമിഴിലുമുള്ള തീവ്ര മത പ്രബോധനങ്ങളും തീവ്ര സ്വഭാവമുള്ള പുസ്തകങ്ങൾ വായിച്ച് തയ്യാറാക്കിയ കുറിപ്പുകളും ജമേഷ മുബീന്‍റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇവ സ്ഫോടക വസ്തുക്കൾ നിർമിക്കാനുള്ള എഴുപത്തിയാറര കിലോഗ്രാം അസംസ്കൃത പദാർത്ഥങ്ങൾ കൂടാതെയുള്ള തൊണ്ടി മുതലുകളിൽ പെടുന്നു. ഒരു കുറിപ്പിൽ എഴുതിയിരുന്നത് ‘ജിഹാദ് കുഞ്ഞുങ്ങൾക്കും വൃദ്ധർക്കുമുള്ളതല്ല, യുവാക്കൾക്കുളളതാണ്’ എന്നാണ്. ‘ആരാധനാലയത്തിൽ തൊട്ടവരെ വേരോടെ നശിപ്പിക്കും’ എന്നാണ് മറ്റൊരു ഡയറിക്കുറിപ്പ്. കൂടാതെ ഇതര മതവിശ്വാസങ്ങളെ സംബന്ധിച്ച കുറിപ്പുകളും കോഡ് ഭാഷയിലുള്ള ഫ്ലോ ചാർട്ടിന്‍റെ സ്വഭാവമുള്ള ചില കുറിപ്പുകളുമുണ്ട്. ഇവയിൽ മിക്കതും ഡീ കോഡ് ചെയ്യാനും ഇതിനകം അന്വേഷണസംഘത്തിന് ആയിട്ടുണ്ട്. 

സ്ഫോടനം നടന്ന ദിവസം കാറിൽ സ്ഫോടകവസ്തുക്കൾ നിറച്ച് പുറപ്പെടുംമുമ്പ് ഇയാൾ ശരീരത്തിലെ രോമം മുഴുവൻ ഷേവ് ചെയ്ത് നീക്കിയിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചാവേർ ആക്രമണങ്ങൾക്ക് തീരുമാനിച്ച ഐഎസ് ഭീകരർ ഇങ്ങനെ ചെയ്യാറുള്ളതായി മുൻ റിപ്പോർട്ടുകളുണ്ട്. കൂടാതെ മരണത്തിന് മുമ്പ് ജമേഷ മുബീൻ ഇട്ട വാട്സാപ്പ് സ്റ്റാറ്റസ് അടക്കം ചാവേർ ആക്രമണസാധ്യതയിൽ ഊന്നുന്നതാണ്. എന്നാൽ സ്ഫോടനം നടന്ന സ്ഥലത്തുതന്നെയാണോ ആക്രമണം നടത്താൻ പദ്ധതിയിട്ടത്, പൊലീസിനെക്കണ്ട് ഇവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായതാണോ എന്നതിലാണ് അന്വേഷണസംഘം വ്യക്തത തേടുന്നത്.

ജമേഷ മുബീന്‍റെ ഭാര്യയെ ചിഹ്നഭാഷാ സഹായിയുടെ സഹായത്തോടെ അന്വേഷണസംഘം പലവട്ടം ചോദ്യം ചെയ്തിരുന്നു. ഭർത്താവിന്‍റെ പദ്ധതികളെപ്പറ്റിയും ബന്ധങ്ങളെപ്പറ്റിയും ബധിരയും മൂകയുമായ ഇവർക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് സൂചന. വീട്ടിൽ സ്ഫോടക വസ്തുക്കളുടെ അസംസ്കൃത വസ്തുക്കൾ സംഭരിച്ചിരുന്ന പെട്ടികൾക്കുള്ളിൽ വ്യാപാരത്തിനായി വാങ്ങിയ തുണിത്തരങ്ങളാണ് എന്നാണ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ അറസ്റ്റിലായ കൂട്ടുപ്രതികളിൽ നിന്നും അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *